കർണാടകത്തിൽ ആദ്യ ബജറ്റ് അവതരിപ്പിച്ച് കോൺഗ്രസ്; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് മുൻതൂക്കം

Update: 2023-07-07 11:48 GMT

കർണാടക കോൺഗ്രസ് സർക്കാരിന്റെ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ സിദ്ധരാമയ്യ അവതരിപ്പിച്ചത്. കോൺഗ്രസ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്ന കാര്യങ്ങൾക്കാണ് ബജറ്റിൽ മുൻതൂക്കം. എക്സൈസ് തീരുവയിൽ 20 ശതമാനത്തിന്റെ വർദ്ധനയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പെടെ ഉള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യ വില കുറവാണെന്ന് അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ പരാമർശിച്ചു.

പ്രകടന പത്രികയിൽ ഉണ്ടായിരുന്ന സദാചാര ഗുണ്ടായിസവും വർഗീയവത്കരണവും നിരോധിക്കുമെന്ന പ്രഖ്യാപനവും ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. അതുപോല തന്നെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര 200 യൂണിറ്റ് സൗജന്യ വൈദ്യുതി, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങൾ , വീട്ടമ്മമാർക്കും തൊഴിൽ രഹിതർക്കുമുള്ള പ്രതിമാസ സാമ്പത്തിക സഹായം തുടങ്ങിയ അഞ്ച് പ്രഖ്യാപനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ടി മാത്രമായി 52,000 കോടി രൂപ മാറ്റി വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News