മധ്യപ്രദേശ് പിടിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; സിന്ധ്യയുടെ തട്ടകത്തിൽ പ്രിയങ്ക ഇറങ്ങിയേക്കും

Update: 2023-07-05 06:44 GMT

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മധ്യപ്രദേശിൽ ബിജെപിയെ തകർക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജോതിരാദിത്യ സിന്ധ്യയുടെ തട്ടകം പിടിക്കാനാണ് നീക്കം. മധ്യപ്രദേശിലെ ഗ്വാളിയാർ -ചമ്പൽ മേഖലയിലാണ് കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്ക എത്തുക. ഈ മാസം 20ന് ശേഷം റാലിക്ക് പ്രിയങ്ക എത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങളും വ്യക്തമാക്കുന്നു.


2018ലെ തെരഞ്ഞെടുപ്പിൽ 34 ൽ 26 സീറ്റുകൾ നേടി കോൺഗ്രസ് ഈ മേഖലയിൽ കരുത്ത് കാട്ടിയിരുന്നു . സിന്ധ്യ മറുപക്ഷത്താണെങ്കിലും പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. വർഷാവസാനത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 26 സീറ്റ് വരെ നേടിയേക്കുമെന്ന സീ വോട്ടർ സർവേയും പാർട്ടി നേതൃത്വത്തിന് ആശ്വാസം പകരന്നുണ്ട്. കൂടാതെ ജോതിരാദിത്യ സിന്ധ്യക്ക് ഒപ്പം പോയ രാകേഷ് കുമാർ ഗുപത, ബെയ്ജ്നാഥ് സിംഗ് തുടങ്ങിയ നേതാക്കൾ കോൺഗ്രസിലേക്ക് തിരിച്ചെത്തിയതും പ്രതീക്ഷ നൽകുന്നു.


അതേസമയം വരുന്ന തെരഞ്ഞെടുപ്പ് സിന്ധ്യക്ക് അഭിമാന പോരാട്ടമാണ്. ബിജെപി നേതൃത്വവും പ്രദേശിക നേതാക്കളും സിന്ധ്യയെ പൂർണമായി ഉൾക്കൊണ്ടിട്ടില്ല. കൂടാതെ സിന്ധ്യയുടെ അനുകൂലികൾക്ക് സീറ്റ് നൽകുന്നതിലും പ്രദേശിക നേതാക്കളുടെ എതിർപ്പ് പ്രകടമാണ്. ഇതിനിടെയാണ് പ്രിയങ്ക ഗാന്ധിയെ കളത്തിലറക്കി കോൺഗ്രസ് കരുനീക്കം.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ എത്തിച്ചുള്ള റാലികളും കോൺഗ്രസ് പദ്ധതിയിടുന്നു. 50 ദിവസത്തിനുള്ളിൽ 50 റാലികൾ നടത്താനാണ് ലക്ഷ്യം.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സംസ്ഥാന അധ്യക്ഷൻ കമൽനാഥ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് , അജയ് സിംഗ് രാഹുൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജെ പി അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു

Tags:    

Similar News