കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് വാതുവെപ്പ് ആപ്പുകാരുടെ പണംകൊണ്ട്: സ്മൃതി ഇറാനി

Update: 2023-11-04 09:09 GMT

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രചാകരില്‍ നിന്ന് 508 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിവേണ്ടി ഈ വാതുവെപ്പ് പണമാണ് ചെലവഴിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

'ഹവാല ഇടപാടുകാരുടെ സഹായത്തോടെയാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. അനധികൃത വാതുവെപ്പിലൂടെ കള്ളപ്പണം പിരിച്ച് കോണ്‍ഗ്രസിന് പ്രചാരണം നടത്താനുള്ള ഹവാല ഇടപാടാണ് നടന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതുവരെ ഇത്തരം കാര്യങ്ങൾ ജനങ്ങള്‍ കണ്ടിട്ടില്ല. അധികാരത്തിലുള്ളപ്പോഴാണ് അദ്ദേഹം വാതുവെപ്പ് പ്രചരിപ്പിച്ചത്', സ്മൃതി ഇറാനി പറഞ്ഞു.

അതേസമയം, ഈ മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തന്നെ വേട്ടയാടുകയാണെന്ന് ബാഗേല്‍ പറഞ്ഞു. ഭൂപേഷ് ബാഗേലിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആരോപണം മാത്രമാണിതെന്നും ജനങ്ങള്‍ ഇതിന് തക്കതായ മറുപടി പറയുമെന്നും കോണ്‍ഗ്രസും പ്രതികരിച്ചു.

അഞ്ച് കോടിരൂപയുമായി ഇന്നലെ പിടിച്ചെടുത്ത ക്വറിയര്‍ക്കാരനാണ് അനധികൃത ആപ്പ് പ്രചരിപ്പിക്കാനായി ബാഗേലിന് 508 കോടി കൈമാറിയെന്ന് ഇഡിയോട് വെളിപ്പെടുത്തിയത്.

Tags:    

Similar News