4 സംസ്ഥാനങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കെ മുരളീധരന് തെലങ്കാനയുടെ ചുമതല

Update: 2023-08-03 05:34 GMT

നാലുസംസ്ഥാനങ്ങളില്‍ സ്‌ക്രീനിങ് കമ്മിറ്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരേയും അംഗങ്ങളേയും നിയമിച്ചുകൊണ്ടുള്ള പട്ടിക ബുധനാഴ്ച കോണ്‍ഗ്രസ് പുറത്തുവിട്ടു. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് സ്‌ക്രീനിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും എം.പിയുമായ കെ. മുരളീധരനാണ് തെലങ്കാനയിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. ഗുജറാത്തില്‍ നിന്നുള്ള യുവനേതാവ് ജിഗ്നേഷ് മേവാനിയും മഹാരാഷ്ട്രയില്‍നിന്നുള്ള ബാബാ സിദ്ധിഖും സമിതി അംഗങ്ങളാണ്. ഇവരെക്കൂടാതെ പി.സി.സി. അധ്യക്ഷന്‍ എ. രേവന്ത് റെഡ്ഡി എം.പി, സഭാകക്ഷിനേതാവ് മല്ലു ഭട്ടി വിക്രമര്‍ക്ക, സംസ്ഥാനത്തിന്റെ ചുമതലയുള്ള മാണിക്ക റാവു താക്കറെ, എന്‍. ഉത്തം കുമാര്‍ റെഡ്ഡി എം.പി എന്നിവര്‍ എക്‌സ് ഓഫിഷ്യോ അംഗങ്ങളാണ്.

ലോക്‌സഭയില്‍ കോണ്‍ഗ്രസ് ഉപനേതാവായ അസമില്‍നിന്നുള്ള ഗൗരവ് ഗൊഗോയി ആണ് രാജസ്ഥാനിലെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍. ഗണേഷ് ഗോദിയാല്‍, അഭിഷേക് ദത്ത് എന്നിവരാണ് മറ്റംഗങ്ങള്‍. പി.സി.സി. പ്രസിഡന്റ് ഗോവിന്ദ് സിങ് ദത്താശ്രേയ, മുഖ്യമന്ത്രി അശോക് ഗഹലോത്ത്, സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ, സച്ചിന്‍ പൈലറ്റ്, സി.പി. ജോഷി എന്നിവര്‍ എക്‌സ്- ഓഫിഷ്യോ അംഗങ്ങളാണ്.

Tags:    

Similar News