മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിന് അധികാരം നഷ്ടപ്പെട്ടതിന് പുറമെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം പരാജയപ്പെട്ടു. 40 അംഗ നിയമസഭയിൽ പാർട്ടിയുടെ ലീഡ് നില 11 സീറ്റുകളിൽ മാത്രമാണ്. സോറം പീപ്പിൾസ് മൂവ്‌മെൻറിന്റെ (സെഡ് പി എം) ലീഡ് നില കേവലഭൂരിപക്ഷം മറികടന്നു. മുഖ്യമന്ത്രിയും എംഎൻഎഫ് അധ്യക്ഷനുമായ സോറംതങ്ക ഐസ്വാൾ ഈസ്റ്റ് ഒന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) സ്ഥാനാർഥി ലാൽതൻസങ്കയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകൾക്കാണ് മിസോറം മുഖ്യമന്ത്രി പരാജയമറിഞ്ഞത്.
ഉപമുഖ്യമന്ത്രി തവൻലൂയ സെഡ്പിഎം സ്ഥാനാർഥിയായ ഛുവാനോമയോട് 909 വോട്ടുകൾക്കും പരാജയപ്പെട്ടു. സംസ്ഥാനത്ത് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് സെഡ് പി എം തലവൻ ലാൽഡുഹോമ അഭിപ്രായപ്പെട്ടു.
2018 തിരഞ്ഞെടുപ്പിൽ 26 സീറ്റുകളുമായാണ് എംഎൻഎഫ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ ഒറ്റ സീറ്റിലേക്ക് ഒതുങ്ങുകയാണ്.