ചന്ദ്രയാൻ 3 ദൗത്യം; ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

Update: 2023-08-30 01:52 GMT

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3 ദൗത്യം. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ എന്നു കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്ന‍ീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ചാണ് ലിബ്സ് പഠിക്കുന്നത്. ഇതിനിടെയാണ് സൾഫർ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 'ലിബ്സി'നു പുറമെ ആൽഫ പാർട്ടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണവും റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ഈ ഉപകരണങ്ങൾ (പേലോഡ്) കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം തുടങ്ങിയിരുന്നു.

Tags:    

Similar News