ചന്ദ്രശേഖര്‍ ആസാദ് വധശ്രമ കേസ്; പ്രതികളെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വധശ്രമ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന നാല് പേര്‍ പിടിയില്‍. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള അടയാളങ്ങളെല്ലാം ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികള്‍ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അതേസമയം, സഹറണ്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആസാദ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഇന്ന് ആശുപത്രി വിട്ടേക്കും.
അക്രമത്തിന് പിന്നാലെ സമാധാനം പാലിക്കണമെന്ന ആഹ്വാനവുമായി ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. അണികള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ആസാദ് സമാധാനം പാലിക്കണമെന്നാവശ്യപെട്ടത്. പെട്ടന്നുള്ള ആക്രമണം പ്രതീക്ഷിച്ചില്ലെന്നും, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നും ആസാദ് പറഞ്ഞു. ആസാദ് ഭരത്പൂര്‍ ജാതവ ഏകതാ സമ്മേളനത്തിലും പങ്കെടുക്കും. മറ്റന്നാളാണ് ഭരത്പൂര്‍ സമ്മേളനം നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ വെച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് വെടിയുണ്ടകള്‍ കാറില്‍ തുളഞ്ഞ് കയറിയിരുന്നു. ഒരു വെടിയുണ്ട കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറി. മറ്റൊരു വെടിയുണ്ട സീറ്റിലാണ് തുളഞ്ഞുകയറിയത്. ഈ വെടിയുണ്ട കൊണ്ടാണ് ആസാദിന് പരിക്കേറ്റത്.
#WATCH | On the attack on him in Saharanpur, UP earlier today, Bhim Army leader Chandra Shekhar Aazad says, "I did not expect such a sudden attack. I want to appeal to my friends, supporters & workers across the country to maintain peace. We will continue our fight… pic.twitter.com/UFPTn3VIbk
— ANI (@ANI) June 28, 2023