പുൽവാമ ഭീകരാക്രമണം; ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്റേത്: മുൻ കരസേനാ മേധാവി

Update: 2023-04-17 04:40 GMT

പുൽവാമ ഭീകരാക്രമണത്തിൽ ജവാൻമാർക്ക് ജീവൻ നഷ്ടമായതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിന്റേതെന്ന് മുൻ കരസേന മേധാവി ശങ്കർ റോയ് ചൗധരി. ദേശീയ സുരക്ഷാ ഏജൻസിക്കും ഇൻറലിജൻസ് വീഴ്ചയിൽ ഉത്തരവാദിത്വമുണ്ട്. സൈനിക കോൺവോയ് പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഹൈവേയിലൂടെ പോകരുതായിരുന്നു. വ്യോമ മാർഗ്ഗം സഞ്ചരിച്ചിരുന്നെങ്കിൽ ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ജനറൽ റോയ് ചൗധരി ദി ടെലഗ്രാഫ് പത്രത്തോട് പ്രതികരിച്ചു. 1994 മുതൽ 1997 വരെ ഇന്ത്യയുടെ കരസേന മേധാവിയായിരുന്നു ശങ്കർ റോയ് ചൗധരി.

സിആർപിഎഫ് ജവാന്മാരെ വ്യോമ മാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്ന് ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്ക് വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗ്ഗം കൊണ്ടു പോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നത്. സാധാരണ സൈനികരെ റോഡുമാർഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാൽ 78 വാഹനങ്ങളടങ്ങുന്ന കോൺവോയി പോകാൻ തീരുമാനിച്ചത് അസാധരണമെന്നാണ് സിആർപിഎഫും വിലയിരുത്തിയത്. 

ഇത് വിവരം ചോരാനും വാഹന വ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. സ്ഫോടനമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളിൽ എവിടെയും സിആർപിഎഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല. വാഹനവ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക്  കാർ ഓടിച്ചു കയറ്റിയാണ് സ്ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികൾ അടഞ്ഞത് കാരണമാണ് നിരവധി സൈനികർക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്. രഹസ്യാന്വേഷണ വീഴ്ച ഉൾപ്പടെ മിണ്ടരുതെന്ന് തന്നോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സത്യമാൽ മല്ലിക്ക് പറഞ്ഞിരുന്നു. വിശദീകരണം വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുമ്പോഴും പ്രതികരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. 

Tags:    

Similar News