സിബിഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തിലല്ല ; സുപ്രീംകോടതിയിൽ മറുപടിയുമായി കേന്ദ്ര സർക്കാർ

Update: 2024-05-02 10:50 GMT

സി.ബി.ഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തി​ലല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിരവധി കേസുകളിൽ അന്വേഷണം തുടരുന്ന സി.ബി.ഐക്കെതിരെ പശ്ചിമ ബംഗാൾ ഫയൽ ചെയ്ത കേസിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്.

യൂണിയൻ ഓഫ് ഇന്ത്യ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല, എല്ലാം ചെയ്തത് സി.ബി.ഐ ആണ്. അവർ യൂണിയന്റെ നിയന്ത്രണത്തിലല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസ്റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഭരണഘടനയുടെ ആട്ടിക്കിൾ 131 പ്രകാരം സുപ്രിംകോടതി നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമ ബംഗാൾ കേ​ന്ദ്ര സർക്കാറിനെതിരെ കേസ് ഫയൽ ചെയ്തത്. പശ്ചിമ ബംഗാളിലെ കേസുകൾ അന്വേഷിക്കാൻ കേന്ദ്ര ഏജൻസിക്കുള്ള പൊതുസമ്മതം സംസ്ഥാനം റദ്ദാക്കിയിട്ടും സി.ബി.ഐ എഫ്.ഐ.ആറുകൾ ഫയൽ ചെയ്യുകയും അന്വേഷണവുമായി മുന്നോട്ട് പോവുകയുമാണെന്നും തൃണമൂൽ കോൺഗ്രസ് സർക്കാർ കോടതിയിൽ വാദിച്ചു.

2018 നവംബർ 16നാണ് സംസ്ഥാനത്ത് അന്വേഷണത്തിനും റെയ്ഡുകൾ നടത്താനുമുള്ള സി.ബി.ഐക്കുള്ള പൊതുസമ്മതം തൃണമൂൽ സർക്കാർ പിൻവലിച്ചത്. ഇതനുസരിച്ച് കേസ് ഏറ്റെടുക്കാനും അന്വേഷിക്കാനും സംസ്ഥാന സർക്കാറിന്റെ അനുമതി വേണം. എന്നാൽ, കേന്ദ്ര സർക്കാർ സി.ബി.ഐയെയും മറ്റു ഏജൻസികളെയും ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ നിരവധി കേസുകൾ എടുക്കുകയും നേതാക്കളെ വേട്ടയാടുകയും ചെയ്യുകയാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ആരോപണം.

Tags:    

Similar News