മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകം: ഡല്‍ഹി ഹൈക്കോടതി

Update: 2023-10-11 12:06 GMT

കരാര്‍ അടിസ്ഥാനത്തിലാണ് ജോലി എന്ന കാരണം ചൂണ്ടിക്കാണിച്ച് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി. മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകമാണെന്ന് കോടതി പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയിലെ ഒരു ഹോസ്റ്റലില്‍ താല്‍ക്കാലിക അറ്റന്‍ഡന്റ് ആയിരുന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ചന്ദ്രധാരി സിങ് നിരീക്ഷണം നടത്തിയത്.

കഴിഞ്ഞ കൊല്ലം ജൂലായ്‌ രണ്ടു മുതല്‍ ഡിസംബര്‍ 31 വരെ ആറുമാസത്തേക്ക് തന്റെ കരാര്‍ പുതുക്കി നല്‍കിയിരുന്നെന്ന് പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. ഈ കാലയളവിനിടെ മേയ് അഞ്ച് മുതല്‍ നവംബര്‍ നാലുവരെ യുവതി പ്രസവാവധിയ്ക്ക് അപേക്ഷിക്കുകയും അധികൃതര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രസവാവധിക്കാലത്ത് യുവതിക്ക് ശമ്പളം ലഭിച്ചില്ല. പിന്നീട് ജോലിയില്‍നിന്ന് നീക്കുകയാണെന്ന് യുവതിക്ക് അറിയിപ്പ് ലഭിക്കുകയും തുടര്‍ന്ന് ജോലിയില്‍നിന്ന് നീക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

യുവതിയ്ക്ക് അനുകൂലമായി തീരുമാനം കൈക്കൊണ്ട ഹൈക്കോടതി, അവരെ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ യോഗ്യതയ്ക്കനുസൃതമായ വേറെ തസ്തികയിലേക്കോ നിയമിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ 1961 പ്രകാരമുള്ള അവരുടെ പ്രസവാനുകൂല്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അന്‍പതിനായിരം രൂപ നഷ്ടപരിഹാരവും കോടതി യുവതിക്ക് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags:    

Similar News