ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.
1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും.
പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും. പ്രധാനമന്ത്രി ഇന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് എത്തും. തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രികയും ഇന്ന് പുറത്തിറക്കും.