ബംഗ്ലദേശ് സംഘർഷം; ഇന്ത്യയിലേക്ക് അനധികൃത നുഴഞ്ഞുകയറ്റം,തടഞ്ഞ് ബിഎസ്എഫ്

Update: 2024-08-10 07:12 GMT

ബംഗ്ലദേശ് സംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകർത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു.

അഭയാർഥി പ്രവാഹം ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ ബംഗ്ലദേശ് അതിർത്തി സേനയുമായി (ബിജിബി) ബന്ധപ്പെട്ട ബിഎസ്എഫ് അഭയാർഥികളെ തിരികെക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇതിനിടെ ബംഗ്ലദേശിലെ ലാൽമോനിർഹട് ജില്ലയിലൂടെ ഇന്ത്യൻ അതിർത്തിയുടെ 400 മീറ്റർ അകലെ വരെ കൂട്ടമായെത്തി. ശ്രമം പരാജയപ്പെട്ടതോെട ഇന്ത്യയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.

അഭയാർഥികൾ അതിർത്തിയിൽ കൂട്ടമായെത്തിയെങ്കിലും ആർക്കും ഇന്ത്യയിലേക്ക് കടക്കാനായിട്ടില്ലെന്നും അതിർത്തി പൂർണമായും അടച്ചിട്ടുണ്ടെന്നും മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇപ്പോഴും അതിർത്തിയിലേക്ക് അഭയാർഥികളെത്തുന്നുണ്ടെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Similar News