ലൈംഗികാതിക്രമ കേസിലെ പ്രതി ബ്രിജ് ഭൂഷൻ സിങ്ങിന് സീറ്റ് നിഷേധിച്ച് ബി.ജെ.പി. കൈസർഗഞ്ച് സീറ്റിൽ പകരം അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൻ സിങ്ങിന് ടിക്കറ്റ് നൽകി. ബ്രിജ് ഭൂഷണിന്റെ ഇളയ മകനായ കരൺ ഉത്തർപ്രദേശ് റെസ്‍ലിങ് അസോസിയേഷൻ പ്രസിഡന്റാണ്. കൂടാതെ ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് സഹകരണ ബാങ്ക് ചെയർപേഴ്സൻ സ്ഥാനവും വഹിക്കുന്നുണ്ട്. ബ്രിജ് ഭൂഷണിന്റെ മറ്റൊരു മകൻ പ്രതിക് ഭൂഷൻ സംസ്ഥാനത്തെ എം.എൽ.എയാണ്.
റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തുവന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ഡൽഹി പൊലീസ് 2023 ജൂണിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, അടുത്ത മാസം ഇദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തു.
ആറ് തവണ എം.പിയായ ബ്രിജ് ഭൂഷൻ ഇത്തവണയും മത്സരിക്കുമെന്ന സൂചനകൾ കഴിഞ്ഞയാഴ്ച നൽകിയിരുന്നു. മണ്ഡലത്തിലെ 99.9 ശതമാനം പേരും താൻ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
മെയ് 20നാണ് കൈസർഗഞ്ചിൽ തെരഞ്ഞെടുപ്പ്. 5.81 ലക്ഷം വോട്ട് നേടിയാണ് കഴിഞ്ഞതവണ ബ്രിജ് ഭൂഷൻ ഇവിടെ നിന്ന് ജയിച്ചത്. ഉത്തർ പ്രദേശിലെ റായ്ബറേലി സീറ്റിലെ സ്ഥാനാർഥിയെയും ബി.ജെ.പി പ്രഖ്യാപിച്ചു. ദിനേഷ് സിങ്ങാണ് സ്ഥാനാർഥി.