ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിഹാറിലെ സീറ്റ് വിഭജനം; ധാരണയിൽ എത്താതെ കോൺഗ്രസും ആർജെഡിയും
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിഹാര്‍ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ധാരണയായില്ല. അഞ്ച് സീറ്റ് വരെ നല്‍കാമെന്ന ആര്‍ജെഡിയുടെ നിലപാട് കോൺഗ്രസ് സംസ്ഥാന ഘടകം തള്ളി. കനയ്യ കുമാറിന് ബെഗസരായ് മണ്ഡലം വേണമെന്ന കോൺഗ്രസ് നിലപാട് ആര്‍ജെഡി അംഗീകരിച്ചിട്ടില്ല. ദേശീയ സഖ്യസമിതി ചെയർമാന്‍ മുകുള്‍ വാസ്നിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. കോണ്‍ഗ്രസിന് നാല് സീറ്റ് നല്‍കാമെന്ന ഓഫര്‍ അഞ്ചായി കൂട്ടിയെങ്കിലും ബിഹാര്‍ പിസിസി അടുത്തില്ല. 8 സീറ്റെങ്കിലും നല്‍കണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസിന്റെ നിലപാട്. അഞ്ച് സീറ്റെന്ന വാഗ്ദാനത്തോട് സഖ്യസമിതിക്ക് അനുകൂല നിലപാടാണുള്ളത്.
കനയ്യ കുമാറിനെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് മുന്‍പോട്ട് വച്ചു. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗിരിരാജ് സിംഗ് ആറ് ലക്ഷത്തില്‍ പരം വോട്ടുകള്‍ ബെഗുസരായായില്‍ നേടിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച കനയ്യക്ക് രണ്ട് ലക്ഷത്തില്‍ പരം വോട്ടുകളേ കിട്ടിയുള്ളൂ. ആര്‍ജെഡിക്ക് ഒരു ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരവും. ആര്‍ജെഡിയുമായുള്ള സഖ്യത്തില്‍ കോൺഗ്രസ് മത്സരിച്ചിരുന്നില്ല. മണ്ഡലം വിട്ടുനല്‍കില്ലെന്നാണ് ആര്‍ജെഡിയുടെ നിലപാടെന്നറിയുന്നു. സമവായമെത്താത്തതിനാല്‍ ചര്‍ച്ചകള്‍ തുടരും.
കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചക്കില്ലെന്നും 17 സീറ്റുകളില്‍ ജെഡിയു മത്സരിക്കുമെന്നുമാണ് നിതീഷ് കുമാറിന്‍റെ നിലപാട്. നാളെ ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ചര്ച്ച നടത്തും. ഡൽഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം ചര്‍ച്ചയാകും. ബംഗാളില്‍ ചര്‍ച്ചക്കുള്ള ക്ഷണത്തോട് മമത ബാനര്‍ജി അനുകൂലമായി പ്രതികരിച്ചിട്ടില്ല. സഖ്യമില്ലെങ്കിലും ബിജെപിയെ വീഴ്ത്തുമെന്നാണ് തൃണമൂലിന്‍റെ നിലപാട്. മാത്രമല്ല ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസ്താവനകള്‍ മമതയെ വല്ലാതെ ചൊടിപ്പിച്ചിട്ടുമുണ്ട്.