ഝാർഖണ്ഡിലെ ഇ.ഡി റെയ്ഡ്; മന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി അറസ്റ്റിൽ

Update: 2024-05-07 04:58 GMT

ഝാർഖണ്ഡിൽ ഇ.ഡി റെയ്ഡ. റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ഗ്രാമവികസനമന്ത്രി അലംഗീർ ആലമിൻറെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാൽ അറസ്റ്റിൽ. തിങ്കളാഴ്ച സഞ്ജീവിന്റെ സഹായിയുടെ വീട്ടിൽ നിന്നും എൻഫോഴ്സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) 5.23 കോടി രൂപ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അലംഗീറിന്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിൻറെ സഹായി ജഹാം​ഗീറിന്റെ ഉടമസ്ഥതയിലുള്ള ഗദീഖാന ചൗക്കിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റും ഇ.ഡി. രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടയിൽ പണം എണ്ണുന്ന ഒന്നിലധികം യന്ത്രങ്ങൾ തകരാറിലായതാതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു. കോൺഗ്രസ് നേതാവും പാകുർ മണ്ഡലത്തിൽനിന്നുള്ള എം.എൽഎ.യാണ് അലംഗീർ.

കഴിഞ്ഞവർഷം ഇ.ഡി അറസ്റ്റുചെയ്‌ത ഗ്രാമവികസനവകുപ്പ് മുൻ ചീഫ് എൻജിനിയർ വീരേന്ദ്രകുമാർ റാമിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. തിങ്കളാഴ്ച രാവിലെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ഇ.ഡി. ഒരേസമയം റെയ്ഡ് നടത്തിയത്.

റാഞ്ചിയിലെ റൂറൽ വർക്സ് ഡിപ്പാർട്ട്‌മെൻറിൽ ചീഫ് എൻജിനിയറായിരുന്ന വീരേന്ദ്രകുമാർ റാം, ടെൻഡറുകൾ അനുവദിച്ചതിനുപകരമായി കരാറുകാരിൽനിന്ന് 39 കോടിയോളം രൂപ കൈപ്പറ്റിയിരുന്നു. ഈ സ്വത്ത് ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംഭവത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രം​ഗത്തെത്തി. കേന്ദ്ര ഏജൻസിയുടെ നടപടിയെ ആളുകൾ പ്രശംസിക്കുകയാണെന്നും എന്നാൽ, അഴിമതിയും കൊള്ളയും തടഞ്ഞതിന് ചിലർ അവരെ വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഝാർഖണ്ഡിൽ കണ്ടെത്തിയത് നോട്ടുകെട്ടുകളുടെ കുന്നുകളാണ്. മോഷണം നടന്നു, മോഷ്ടിച്ച സാധനങ്ങൾ മോദി പിടിച്ചെടുത്തു എന്നാണ് ജനങ്ങൾ പറയുന്നത്. അവരുടെ കൊള്ള താൻ നിർത്തിയാൽ അവർ തന്നെ അധിക്ഷേപിക്കുമോ ഇല്ലയോ. അധിക്ഷേപങ്ങളുണ്ടായാലും താൻ ഈ ജോലി തുടരേണ്ടേയെന്നും മോദി ചോദിച്ചു.

എന്നാൽ, ഇ.ഡി. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ആരും ഒരുതരത്തിലുള്ള നി​ഗമനങ്ങളിലുമെത്തരുതെന്നാണ് അലംഗീർ ആലമിൻറെ പ്രതികരണം. സഞ്ജീവ് ലാൽ ഒരു സർക്കാർ ജീവനക്കാരനാണ്. അദ്ദേഹം രണ്ട് മുൻ മന്ത്രിമാരുടെ പേഴ്‌സണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് റെയ്ഡുകൾ മാത്രം ചൂണ്ടിക്കാട്ടി പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News