ഹാഥ്റസ് ദുരന്തത്തിന്റെ കാരണക്കാർ സാമൂഹികവിരുദ്ധരെന്ന് ബാബയുടെ വാർത്താക്കുറിപ്പ്; പ്രതി ചേർക്കാതെ സർക്കാർ

Update: 2024-07-04 05:35 GMT

യുപിയിലെ ഹാഥ്‌റസിൽ 121 പേരുടെ മരണത്തിന് ഇടയായ ദുരന്തത്തിന്റെ കാരണക്കാർ സാമൂഹികവിരുദ്ധരെന്ന ആരോപണവുമായി പ്രാർഥനായോഗത്തിന് നേതൃത്വം നൽകിയ ആൾദൈവം നാരായൺ സകർ ഭോലെ ബാബ. ദുരന്തത്തിനു പിന്നാലെ ഒളിവിൽ പോയ ഭോലെ ബാബ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭോലെ ബാബ അവകാശപ്പെട്ടു.

അഭിഭാഷകൻ മുഖേന ഇറക്കിയ കുറിപ്പിൽ, തിരക്കുണ്ടാകുന്നതിനു മുൻപു തന്നെ ബാബ അവിടെനിന്ന് പോയിരുന്നു എന്നും പറയുന്നു. എന്നാൽ ആളുകൾ മരിച്ചു വീഴുന്നതിനിടെ ബാബ രക്ഷപ്പെട്ടെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ദുരന്തത്തിൽ ദുഃഖമുണ്ടെന്നും മരണത്തിൽ അനുശോചിക്കുന്നതായും അറിയിച്ച ബാബ, പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. അതേസമയം, സംഭവത്തിൽ ബാബയെ പ്രതി ചേർത്തിട്ടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

മരിച്ചവരിൽ 110 പേരും സ്ത്രീകളാണ്. 5 കുട്ടികളും 6 പുരുഷന്മാരുമുണ്ട്. ഹരിയാനയിൽനിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 31 പേർക്കു പരുക്കേറ്റു. പ്രാർഥനായോഗത്തിന്റെ പ്രധാന സംഘാടകനായ ദേബ് പ്രകാശ് മധുകറിനും പേരറിയാത്ത മറ്റു 3 സംഘാടകർക്കുമെതിരെ സിക്കന്ദർറാവു പൊലീസ് കേസെടുത്തു.

Tags:    

Similar News