'ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ' ; ഇന്ത്യ സഖ്യം അധികാരത്തിൽ എത്തും, രാഹുൽ ഗാന്ധി

Update: 2024-01-16 10:33 GMT

ഭാരത് ജോഡോ യാത്ര ഐതിഹസികമായിരുന്നുവെന്നും എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊഹിമയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങൾക്ക് നീതി ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു തവണ പോലും മണിപ്പൂർ സന്ദർശിച്ചില്ല എന്നത് അപമാനകരമാണ്. നാഗലാൻറിലെ ജനങ്ങളുമായി സർക്കാർ ഒപ്പിട്ട കരാറും പാലിക്കപ്പെട്ടില്ല. നാഗലാന്റിലെ ജനങ്ങളുമായി 9 വർഷം മുൻപ് ഒപ്പിട്ട കരാർ ആണ് പാലിക്കപ്പെടാതിരിക്കുന്നത്. നാഗലാന്റിൽ സമാധാനം കൊണ്ടുവരാൻ മോദി എന്താണ് ചെയ്യുന്നതെന്ന് ഒരു നാഗ നേതാക്കൾക്കും മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മോദി പല വാഗ്ദാനങ്ങളും നൽകുന്നു. ഒന്നും പാലിക്കുന്നില്ല.2024 തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യം സജ്ജമാണ്.ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ ചെയ്യും.ന്യായ് യാത്ര പ്രത്യയ ശാസ്ത്ര പോരാട്ടത്തിന്റെ ഭാഗമായുള്ള യാത്രയാണ്.സഖ്യവുമായി ഉള്ള സീറ്റ് ചർച്ചകൾ നന്നായി നടക്കുന്നുണ്ട്.എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ബിജെ പി മുന്നോട്ട് വെക്കുന്നത് അനീതിയുടെ മോഡൽ ആണ്. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിത്യം,നീതി എന്നിവ കിട്ടുന്നില്ല.അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് മോദിയും ആര്‍എസ്എസും രാഷ്ട്രീയ ചടങ്ങാക്കി മാറ്റി. അതിനാലാണ് കോണ്‍ഗ്രസ് ജനുവരി 22ലെ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിശ്വാസത്തെയും കോണ്‍ഗ്രസ് പാര്‍ട്ടി ബഹുമാനിക്കുന്നു. ആര്‍ക്കും ക്ഷേത്രത്തില്‍ പോകുന്നതിന് തടസ്സമില്ല. തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത്. 22ന് അസമില്‍ ജോഡോ ന്യായ് യാത്രയിലായിരിക്കും താനെന്നും രാഹുല്‍ പറഞ്ഞു.എന്‍റെ വിശ്വാസങ്ങൾ നൽകിയ മ്യൂല്യം ആരോടും അഹങ്കാരത്തോടെ പെരുമാറാതിരിക്കുന്നതും എല്ലാവരെയുംബഹുമാനിക്കുന്നതുമാണ്. അതൊരു വസ്ത്രം പോലെ പുറത്തണിഞ്ഞു നടക്കേണ്ട കാര്യമില്ല.രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത ജോഡോ ന്യായ് യാത്ര മൂന്നാം ദിവസം നാഗലാന്റിൽ യാത്ര തുടരുകയാണ്. കൊഹിമയിലെ യുദ്ധസ്മാരകവും ഇന്ദിരഗാന്ധി സ്റ്റേഡിയവും രാഹുൽഗാന്ധി സന്ദർശിച്ചു. രണ്ട് പൊതുസമ്മേളനങ്ങളിൽ സംസാരിച്ചശേഷമാണ് രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

Tags:    

Similar News