പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ ബസിൽ യാത്ര ചെയ്ത് പിതാവ്
ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബസിൽ സഞ്ചരിച്ച് പിതാവ്. പശ്ചിമ ബംഗാളിലാണ് ദാരുണമായ സംഭവം നടന്നത്. അഷിം ദേവശർമ എന്നയാളാണ് അഞ്ചുമാസം പ്രായമുള്ള മകന്റെ മൃതദേഹം ബാഗിലാക്കി ബസിൽ സഞ്ചരിച്ചത്. സിലിഗുരിയിൽ നിന്ന് കാളീഗഞ്ചിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കാൻ 8000 രൂപയാണ് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത്. ഈ പണം നൽകാൻ ഇല്ലാത്തതിനാൽ മൃതദേഹം ബാഗിലിട്ട് ബസിൽ കൊണ്ടുപോകാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
സിലിഗുരിയിലെ നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ആയിരുന്നു കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയുടെ ചികിത്സ. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി മരണത്തിന് കീഴടങ്ങി. ചികിത്സക്ക് മാത്രം തനിക്ക് 16000 രൂപ ചെലവായെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനായി 8000 രൂപയാണ് ആംബുലൻസിന് ആവശ്യപ്പെട്ടത്. ഇത് നൽകാൻ തന്റെ കൈയിലില്ല. അതുകൊണ്ടാണ് ബസിൽ യാത്ര ചെയ്യേണ്ടിവന്നതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇയാളുടെ ഭാര്യ ഇരട്ടക്കുട്ടികൾക്കാണ് ജന്മം നൽകിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഇരുകുട്ടികളെയും കാളിഗഞ്ച് ജനറൽ ആശുപത്രിയിലും പിന്നീട് നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അസുഖം ഭേദമായ കുട്ടിയുമായി ഭാര്യ കഴിഞ്ഞ ദിവസം വീട്ടിൽപ്പോയി. രണ്ടാമത്തെ കുട്ടി രാത്രിയോടെ മരണത്തിന് കീഴടങ്ങി. 102 സ്‌കീമിന് കീഴിലുള്ള ആംബുലൻസ് രോഗികൾക്ക് മാത്രമാണ് സൗജന്യമെന്നും മൃതദേഹം കൊണ്ടുപോകാൻ പണം നൽകണമെന്നും ഡ്രൈവർ പറഞ്ഞതായി ഇയാൾ ആരോപിച്ചു.
ബസിൽ യാത്രക്കാരാരും സംഭവം അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ തന്നെ ഇറക്കിവിടുമെന്ന് ഭയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി. സംസ്ഥാന സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമല്ലെന്ന് അധികാരി കുറ്റപ്പെടുത്തി. എന്നാൽ, കുഞ്ഞിന്റെ ദാരുണമായ മരണം പോലും ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ വക്താവ് പറഞ്ഞു.