ബാബ സിദ്ദിഖി വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രക്ക് പുറത്ത് അഞ്ച് സംഘങ്ങളെ അയച്ച് മുംബൈ പൊലീസ്
എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായ ബാബ സിദ്ദിഖി വധവുമായി ബന്ധപ്പെട്ട് അഞ്ച് അന്വേഷണ സംഘങ്ങളെ മഹാരാഷ്ട്രക്ക് പുറത്തേക്കയച്ച് മുംബൈ പൊലീസ്. കൊലപാതകത്തിലെ സൂത്രധാരനെ പിടികൂടാൻ ഹരിയാനയിൽ അന്വേഷണ സംഘത്തെ വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കൂടാതെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സീഷനു വേണ്ടി തിരച്ചിൽ സജീവമാക്കിയിട്ടുമുണ്ട്.
അതേസമയം, കേസിലെ പ്രതികളിലൊരാളായ രൂപേഷ് മോഹലിന്റെ പുണെയിലെ വീട്ടിൽ നിന്ന് ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മറ്റൊരു ആയുധം മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുമുണ്ട്. കൊലപാതക കേസുമായി ബന്ധപ്പെട്ട് കണ്ടെടുക്കുന്ന അഞ്ചാമത്തെ ആയുധമാണിത്. ക്രൈംബ്രാഞ്ച് പറയുന്നതനുസരിച്ച് ഈ കേസിൽ ഒരു ആയുധവും വെടിയുണ്ടകളും ഇപ്പോഴും തിരയുന്നുണ്ട്.
കൊലപാതകത്തിനു വേണ്ടി ആറോളം ആയുധങ്ങൾ മുംബൈയിൽ എത്തിച്ചതായാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള പ്രതി രാം ഫുൽചന്ദ് കനൂജിയ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ആയുധം നേരത്തെ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്ര മുൻ സഹമന്ത്രി കൂടിയായ ബാബ സിദ്ദിഖിയെ ഒക്‌ടോബർ 12ന് മുംബൈയിലെ നിർമൽ നഗറിലെ എം.എൽ.എ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.