സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻ്റെ പേരിലും പണം തട്ടാൻ ശ്രമം ; പൊലീസിൽ പരാതി നൽകി സുപ്രീംകോടതി

Update: 2024-08-28 08:32 GMT

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം നേടാൻ ശ്രമിച്ച സോഷ്യല്‍ മീഡിയ ഹാൻഡിലിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി സുപ്രീംകോടതി. കാബ് ബുക്ക് ചെയ്യാനായി 500 രൂപ ചോദിച്ചുകൊണ്ടുള്ള സന്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ പേരിൽ പ്രചരിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതിനെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുകയും പിന്നാലെ നടപടി എടുക്കുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന്, സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിൻ്റെ പരാതി ഏറ്റെടുത്ത് സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തു.

സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ചീഫ് ജസ്റ്റിസിന്റെ പേരിലുണ്ടാക്കിയ അക്കൗണ്ടില്‍ നിന്ന് സന്ദേശം പോയത്. കൈലാഷ് മേഖ്‌വാള്‍ എന്ന വ്യക്തിക്കാണ് സന്ദേശം ലഭിച്ചത്. “ഹലോ, ഞാൻ സിജെ ആണ്. കൊളീജിയത്തിന്റെ അടിയന്തര മീറ്റിങ്ങുണ്ട്. ഒരു കാബ് ബുക്ക് ചെയ്യാനായി 500 രൂപ അയയ്ക്കാനാകുമോ,” ഇതായിരുന്നു കൈലാഷിന് ലഭിച്ച സന്ദേശം. സുപ്രീംകോടതിയില്‍ എത്തിയശേഷം പണം തിരികെ നല്‍കാമെന്നും സന്ദേശത്തില്‍ പറയുന്നു. കൂടുതല്‍ ആധികാരികത തോന്നിപ്പിക്കുന്നതിനായി “sent from iPad” എന്നുകൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News