എൽഡിഎഫ് സർക്കാറിനെ പ്രശംസിച്ച് അശോക് ​ഗെലോട്ട്

Update: 2023-11-26 05:15 GMT

കേരളത്തിൽ സംഭവിച്ചതുപോലെ തുടർഭരണം രാജസ്ഥാനിലുമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ​ഗെലോട്ട്. മാറിമാറി ഭരണമെന്ന പ്രവണത മറികടന്ന് രണ്ടാം തവണ അധികാരത്തിൽ വരാൻ കേരളത്തിൽ സാധിച്ചെങ്കിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.

ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എൽഡിഎഫ് സർക്കാറിനെ ​ഗെലോട്ട് പ്രശംസിക്കുകയും ചെയ്തു.കൊവിഡ് കാലത്ത് കേരളം ട്രെൻഡ് സെറ്റ് ചെയ്തു. പകർച്ചവ്യാധി കാലത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുത്തതെന്ന് ആളുകൾ എന്നോട് പറഞ്ഞു. കേരള മോഡൽ ലോകപ്രശസ്തമാണ്. മികച്ച ക്ഷേമ പദ്ധതികളും സാമൂഹിക സുരക്ഷാ പദ്ധതികളും രാജസ്ഥാനിലുണ്ടെന്നും ​ഗെലോട്ട് പറഞ്ഞു.

കേരളത്തിൽ കോൺ​ഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം നവകേരള സദസ്സിൽ സർക്കാറിനെതിരെ വിമർശനം കടുപ്പിച്ച സാഹചര്യത്തിലാണ് മുതിർന്ന നേതാവിന്റെ എൽഡിഎഫ് അനുകൂല പരാമർശമെന്നതും ശ്രദ്ധേയം. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ശനിയാഴ്ച അവസാനിച്ചു. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. അധികാരം നിലനിർത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് കോൺ​ഗ്രസും അശോക് ​ഗെലോട്ടും. അതേസമയം, ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന് പ്രതീക്ഷയിലാണ് ബിജെപി. 

Tags:    

Similar News