അരവിന്ദ് കെജ്രിവാൾ - അതിഷി കൂടിക്കാഴ്ചയ്ക്ക് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചു; ആരോപണവുമായി എഎപി

Update: 2024-04-25 08:49 GMT

അരവിന്ദ് കെജ‍്‍രിവാളുമായി വിദ്യാഭ്യാസ മന്ത്രി അതിഷി നടത്താനിരുന്ന കൂടിക്കാഴ്ചക്ക് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചു. ആംആദ്മി രാജ്യസഭാംഗം സഞ്ജയ് സിങാണ് ആരോപണം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. ഇതിനായി അതിഷി ചൊവ്വാഴ്ച അപേക്ഷ നൽകിയിരുന്നെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്ന് സിങ് പറഞ്ഞു.

ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഇന്നലെ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിനൊപ്പം രാജ്യസഭാംഗം സന്ദീപ് പഥക് കെജ്രിവാളിനെ കാണാനെത്തിയെങ്കിലും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഭരദ്വാജിന് മാത്രമാണ് കെജ്‌രിവാളിനെ കാണാൻ അനുമതി ലഭിച്ചത്.

'ഇന്ന് മുഖ്യമന്ത്രിയുമായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കൂടിക്കാഴ്ചക്ക് നിങ്ങൾ അനുമതി നിഷേധിച്ചു. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചയും അവർ അനുമതി നൽകിയില്ല. നാളെ, നിങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയെയും വിലക്കും. ഇത് ബ്രിട്ടീഷ് ഭരണത്തിൽ പോലും ഇല്ലായിരുന്നു. സ്വേച്ഛാധിപത്യമല്ലെങ്കിൽ മറ്റെന്താണിത്' ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് സഞ്ജയ് സിങ് പറഞ്ഞു.

'നേരത്തെ, ഞങ്ങൾക്ക് ഇൻസുലിനായി പോരാടേണ്ടിവന്നു. എന്തിനും കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് എന്തുകൊണ്ടാണ് കെജ്രിവാളിനെ തീവ്രവാദിയെപോലെ കാണക്കാക്കുന്നത്. അദ്ദേഹത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്'. വ്യാഴാഴ്ച പ്രധാനമന്ത്രിക്കും ലെഫ്റ്റനന്റ് ഗവർണർക്കും കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News