ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: ആഗസ്റ്റ് 2 മുതൽ സുപ്രീംകോടതി വാദം കേൾക്കും

Update: 2023-07-11 07:12 GMT

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ട് തുടങ്ങും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വിഷയം ഇന്ന് പരിഗണിച്ചത്. ഈ മാസം 27 നകം ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. അതിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകളൊന്നും കോടതി സ്വീകരിക്കില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

2020 മാർച്ചിന് ശേഷം ആദ്യമായാണ് ഹർജികൾ ഇന്ന് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസിൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ ജമ്മു-കശ്മീരിൽ സമധാനം പുന:സ്ഥാപിക്കപ്പെട്ടു എന്നാണ് കേന്ദ്രം അവകാശപ്പെട്ടത്. ഭരണഘടനാ സാധുതതയുമായി ബന്ധപ്പെട്ട വിഷയം മാത്രം ആയതിനാൽ അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കാൻ ഉണ്ടോയെന്ന് ഇന്ന് ജസ്റ്റിസ് എസ്.കെ കൗൾ ചോദിച്ചിരുന്നു. ഇപ്പോൾ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലം ജമ്മു-കാശ്മീരിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്നതാണെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ സത്യവാങ്മൂലത്തിൽ ഭരണഘടനാ സാധുത സംബന്ധിച്ച ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കൂടാതെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലെ ഭരണഘടനാ സാധുതയാണ് തങ്ങള്‍ പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370, 35എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. കേന്ദ്ര 'തീരുമാനം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ്', 'കശ്മീർ ജനതയുടെ അനുമതി കേന്ദ്ര തീരുമാനത്തിന് ഇല്ല' തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചുള്ളതാണ് സുപ്രിംകോടതിക്ക് മുന്നിലുള്ള ഹർജികൾ

Tags:    

Similar News