കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ടുകണ്ട് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷനെതുരെ ലൈംഗികാരോപണം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്ന താരങ്ങളാണ് കേന്ദ്രമന്ത്രിയെക്കണ്ടത്.
ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് കൂടിക്കാഴ്ച നടത്തിയത്. നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് അമിത് ഷാ താരങ്ങളോട് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് താരങ്ങള്‍ നല്‍കിയ അന്ത്യശാസനം ശനിയാഴ്ച അവസാനിച്ചിരുന്നു. ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ മെഡലുകള്‍ ഒഴുക്കിക്കളയാന്‍ ഹരിദ്വാറിലെത്തിയ താരങ്ങളെ കര്‍ഷകര്‍ അനുനയിപ്പിച്ച് തത്ക്കാലം തിരിച്ചയക്കുകയായിരുന്നു. കേന്ദ്രത്തിന് അഞ്ച് ദിവസത്തെ താക്കീത് നല്‍കുന്നതായി സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
എം.പി. കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ആരോപണവിധേയനെതിരെ നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷന്‍ അധികൃതരെ താക്കീത് ചെയ്യുന്ന സാഹചര്യം വരെയുണ്ടായിരുന്നു. 45 ദിവസത്തിനകം ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കി.