അജിത് പവാറിനെ വിമത എൻസിപിയുടെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. വിമതരുടെ യോഗത്തിലാണ് അജിത് പവാറിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. യഥാർത്ഥ എൻസിപി തങ്ങളുടേതെന്നു അജിത് പവാർ പക്ഷം അവകാശപ്പെട്ടു.31 എംഎൽഎമാരാണ് അജിത് പവാറിന്റെ യോഗത്തിനെത്തിയത്. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ആവശ്യമായ 36 എംഎൽഎമാരെയെത്തിക്കാൻ അവർക്കായില്ല. യോഗത്തിനെത്താത്ത പലരും തങ്ങളുടെ കൂടെയാണെന്നാണ് അജിത് അവകാശപ്പെടുന്നത്. എൻസിപിയുടെ ചിഹ്നവും പേരും വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് അജിത് പവാർ പക്ഷം നിവേദനം നൽകി. എന്നാൽ ഇതിനെതിരെ ശരത് പവാർ പക്ഷം തടസ്സഹരജിയും നൽകി. ശരത് പവാർ പക്ഷത്തിന്റെ യോഗത്തിന് 14 എംഎൽഎമാരാണ് എത്തിയത്.