പൈലറ്റ് കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റിയെന്ന് പരാതി: ഡിജിസിഎ അന്വേഷണം ആരംഭിച്ചു

Update: 2023-04-21 07:02 GMT

ദുബായ്– ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് പെൺസുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് ഹാജരാകാൻ വിമാന ജീവനക്കാർക്ക് ഡിജിസിഎ നിർദേശം നൽകി. സംഭവത്തിൽ‌ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

മാർച്ച് മൂന്നിനാണ് ജീവനക്കാരിൽ ഒരാൾ പരാതി നൽകിയത്. ക്യാബിൻ ക്രൂവിന്റെ പരാതി ഇങ്ങനെ: ''ബോർഡിങ്ങിനു മുൻപ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ ഞാൻ വിമാനത്തിൽ കയറി. ഏറെ നേരം കഴിഞ്ഞ് യാത്രക്കാർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. എത്തിയപ്പോൾത്തന്നെ ഇക്കണോമിക് ക്ലാസിൽ തന്റെ പെൺസുഹൃത്ത് യാത്ര ചെയ്യുന്നുണ്ടെന്നും അവർക്ക് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്നും അറിയിച്ചു. എന്നാൽ ബിസിനസ് ക്ലാസിൽ ഒഴിവില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.

തുടർന്ന് തന്റെ സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. അവർക്ക് സുഖമായി ഇരിക്കാൻ കുറച്ച് തലയിണകൾ എത്തിക്കണമെന്നും നിർദ്ദേശിച്ചു. കോക്പിറ്റ് അതിമനോഹരമായി സജ്ജീകരിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. പെണ്‍സുഹൃത്തിനായി തന്റെ സ്വീകരണമുറി ഒരുക്കാൻ ആവശ്യപ്പെട്ടതായിട്ടാണ് എനിക്കു തോന്നിയത്. കോക്പിറ്റിലെ ഫസ്റ്റ് ഒബ്സർവർ സീറ്റിലാണ് അവർ ഇരുന്നത്. മാത്രമല്ല, ആ പെൺകുട്ടിക്ക് മദ്യവും ഭക്ഷണവും നൽകാനും ആവശ്യപ്പെട്ടു. കോക്പിറ്റിൽ മദ്യം വിളമ്പാൻ കഴിയില്ലെന്ന് പറഞ്ഞതോടെ പൈലറ്റിന്റെ മട്ടും ഭാവവും മാറി. പിന്നീട് എന്നോട് പെരുമാറിയത് അവർ‌ക്കു വേണ്ടി ജോലി ചെയുന്ന ഒരു വേലക്കാരി എന്ന നിലയിലാണ്.' – പരാതിക്കാരി വ്യക്തമാക്കി.

പൈലറ്റിന്റെ അനുമതിയോടെ വിമാന ജീവനക്കാർക്കു മാത്രമേ കോക്പിറ്റിൽ പ്രവേശനമുള്ളൂ. കോക്പിറ്റിൽ പ്രവേശിക്കുന്നതിനു മുൻപ് ബ്രീത് അനലൈസർ ടെസ്റ്റ് നടത്തുകയും വേണം. നിലവിലെ സംഭവത്തിന്റെ സാങ്കേതിക സുരക്ഷാ തലങ്ങൾ പരിശോധിച്ചു വരികയാണെന്ന് വ്യോമയാന ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Tags:    

Similar News