അഹമ്മദ് നഗറിന്റെ പേര് അഹല്യാ നഗർ എന്ന് പുനർനാമകരണം ചെയ്യുന്നു; പേരുമാറ്റം അംഗീകരിച്ച് കേന്ദ്രം

Update: 2024-10-06 05:50 GMT

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരുമാറ്റം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഗസറ്റ് വിജ്ഞാപനത്തോടെ ജില്ലയുടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽവരും. മഹാരാഷ്ട്ര സർക്കാർ ജില്ലയുടെ പേര് അഹല്യാ നഗർ എന്നാക്കി മാറ്റിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ദോർ ഭരിച്ചിരുന്ന അഹല്യാ ഭായ് ഹോൾക്കറുടെ ബഹുമാനാർഥമാണ് ജില്ലയുടെ പേര് അഹല്യാ നഗർ എന്നാക്കി മാറ്റിയത്.

അഹല്യാഭായ് ഹോൾക്കറുടെ 298-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2023 മെയ് മാസത്തിൽ അഹമ്മദ് നഗറിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ ജില്ലയുടെ പേരുമാറ്റം പ്രഖ്യാപിച്ചത്. അഹമ്മദ് നഗർ ജില്ലയിലെ ചോണ്ടി ഗ്രാമത്തിൽ ജനിച്ച മറാഠാ രാജ്ഞിയുടെ പേരിൽ ജില്ലയുടെ പേര് മാറ്റുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

2024 മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ അഹമ്മദ് നഗറിന്റെ പേര് അഹല്യാ നഗർ എന്ന് പുനർനാമകരണംചെയ്യാനുള്ള നിർദേശം അംഗീകരിക്കുകയും അന്തിമ അംഗീകാരത്തിനായി കേന്ദ്രത്തിന് കൈമാറുകയും ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിൽ പേരു മാറിയ മൂന്നാമത്തെ ജില്ലയാണ് അഹമ്മദ് നഗർ. ഔറംഗാബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നാക്കി മാറ്റിയിരുന്നു

Tags:    

Similar News