നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാൻ നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം

Update: 2024-06-28 03:01 GMT

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തനിച്ചു മത്സരിക്കും.


സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷിയുമായി സഹകരിക്കുമെന്നു നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ വിജയ്ക്ക് താത്പര്യമില്ലെന്നാണ് വിവരം.


കന്നിയങ്കംകുറിക്കുന്ന തമിഴക വെട്രി കഴകത്തിനും തിരഞ്ഞെടുപ്പുകളില്‍ വോട്ടുവിഹിതം വർധിപ്പിച്ചുകൊണ്ടിരിക്കുന്ന നാം തമിഴർ കക്ഷിക്കും 2026 നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ദ്രാവിഡ പാർട്ടികള്‍ക്കുള്ള ബദല്‍ എന്നനിലയിലാണ് സീമാൻ പാർട്ടി ആരംഭിക്കുന്നത്. വിജയിയുടെ നീക്കവും ഇതുതന്നെ. 


തിരഞ്ഞെടുപ്പില്‍ വിജയ് തനിച്ചുനില്‍ക്കുകയാണെങ്കില്‍ വോട്ടുകള്‍ ഗണ്യമായി ഭിന്നിക്കുമെന്നും ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെ.യ്ക്കുമാണ് ഇത് ദോഷംചെയ്യുകയെന്നുമാണ് വിലയിരുത്തല്‍.


സീമാനും വിജയ്യും നയിക്കുന്ന പാർട്ടികള്‍ ഒരുമിക്കുന്നതിനായി രഹസ്യചർച്ചകള്‍ നടക്കുന്നുണ്ടെന്നും സഖ്യം സംബന്ധിച്ച അന്തിമപ്രഖ്യാപനം ഉടനുണ്ടാകുമെന്നും പ്രതീക്ഷിച്ചിരിക്കെയാണ് വിജയിയുടെ പിൻമാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് തങ്ങളുടെ കന്നിയങ്കമായതിനാല്‍ തനിച്ചു മത്സരിച്ചു ശക്തിയളക്കുകയാണ് വിജയ്യുടെ നീക്കത്തിനുപിന്നിലെന്നാണ് സൂചന. 


നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ഒന്നരക്കോടി അംഗങ്ങളെ ചേർത്ത് പാർട്ടിയെ വിപുലപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. യുവജനങ്ങളെ കൂടെക്കൂട്ടി പാർട്ടിയെ വളർത്താനാണ് വിജയ്യുടെയും നീക്കം.


എന്നാല്‍, ആരുമായും സഖ്യമില്ലെങ്കിലും തനിച്ചുനീങ്ങാൻ തന്നെയാണ് തീരുമാനമെന്നാണ് സീമാൻ പറയുന്നത്. സീമാൻ 2010-ലാണ് നാം തമിഴർ കക്ഷി ആരംഭിച്ചത്. മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന ഒരുപറ്റം യുവജനങ്ങളാണ് സീമാന്റെ കരുത്ത്. ദ്രാവിഡപാർട്ടികളില്‍ നേരിയതോതിലെങ്കിലും ഭയമുണ്ടാക്കുന്ന തലത്തിലേക്ക് വളർന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 4.25 ശതമാനം വോട്ടുസ്വന്തമാക്കി. 


2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴുശതമാനമായി ഉയർന്നു.പലമണ്ഡലങ്ങളിലും പാർട്ടി മൂന്നാംസ്ഥാനത്തെത്തി. തദ്ദേശതിരഞ്ഞെടുപ്പിലും പലയിടത്തും വിജയംനേടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 39-ഉം പുതുച്ചേരിയില്‍ ഒരു സീറ്റിലും മത്സരിച്ചു പത്തുശതമാനത്തില്‍ കൂടുതല്‍ വോട്ടുനേടി.


Tags:    

Similar News