മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണത്തിനിടെ അപകടം; കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു

Update: 2023-08-01 10:16 GMT

മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണാണ് 15 പേര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഡറുകളുടെയും യന്ത്രത്തിന്‍റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാര്‍ഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്‌വേയുടെ മൂന്നാം ഫേസിന്‍റെ നിര്‍മാണത്തിനായി എത്തിച്ച യന്ത്രമാണ് തകര്‍ന്നുവീണത്.

പാലത്തിന്‍റെ ഗര്‍ഡര്‍ ബോക്സുകള്‍ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്‍റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി ഉയരത്തില്‍ നിന്ന് പൊട്ടി വീഴുകയായിരുന്നു. എൻഡിആര്‍എഫില്‍ നിന്നടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. മുംബൈ - നാഗ്പുര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ നീളമുള്ള അതിവേഗപാതയാണ് സമൃദ്ധി എക്സ്പ്രസ്‌വേ.

Tags:    

Similar News