വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അർഹത ; സുപ്രധാന വിധിയുമായി സുപ്രീംകോടതി
വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് പൊതുനിയമപ്രകാരം മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന് സുപ്രിം കോടതി. മുൻ ഭാര്യക്ക് 10,000 രൂപ ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജൂലൈ ഒന്നിന് മുൻപുള്ള കേസുകൾക്കായിരിക്കും ഇത് ബാധകമാകുക.
1986-ലെ മുസ്‌ലിം സ്ത്രീ വിവാഹമോചനാവകാശ സംരക്ഷണം നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് സെക്ഷൻ 125 സിആര്‍പിസി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. എന്നാൽ, ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം തള്ളുകയിരുന്നു.
മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്നും ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനൽ നടപടി ചട്ടത്തിലെ 125 ആം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. എല്ലാ വനിതകൾക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിന് അവകാശം ഉണ്ടെന്നും സുപ്രിം കോടതി പറഞ്ഞു.