ഗുജറാത്തിൽ 575 മുസ്ലിം മത്സ്യത്തൊഴിലാളികൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്ത് ; മനപ്പൂർവം മാറ്റി നിർത്തിയതെന്ന് വിമർശനം

Update: 2024-05-06 07:58 GMT

ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. തുറമുഖ വികസനത്തിനായി കല്യാൺപൂർ താലൂക്കിലെ ഗന്ധ്‌വി വില്ലേജിൽ താമസിക്കുന്ന ഇവരുടെ വീടുകൾ കഴിഞ്ഞ വർഷം പൊളിച്ചു നീക്കിയിരുന്നു. ഇവർ ദ്വാരക നിയമസഭാ മണ്ഡലത്തിൽ വർഷങ്ങളായി വോട്ട് ചെയ്യുന്നവരാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. എന്നാൽ ഇവിടെയുള്ള 350 മത്സ്യത്തൊഴിലാളികൾക്ക് ഇത്തവണ വോട്ടവകാശമില്ല.

സമാനരീതിയിൽ നവദ്ര ഗ്രാമത്തിലും മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ വീടുകൾ പൊളിച്ചുനീക്കിയിരുന്നു. വർഷങ്ങളായി ഇവരും ദ്വാരക അസംബ്ലി മണ്ഡലത്തിലെ വോട്ടർമാരാണ്. എന്നാൽ ഇത്തവണ ഇവിടെയുള്ള 225 മുസ്‌ലിംകളുടെ വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കി. ഇവരുടെ പേരുകൾ മറ്റൊരു മണ്ഡലത്തിലും വോട്ടർ പട്ടികയിൽ ചേർത്തിട്ടുമില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹർജികൾ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് വീടുകൾ പൊളിച്ചുനീക്കിയത്. വീടുകൾ പൊളിക്കുന്നതിന് തൊട്ടുമുമ്പാണ് കെട്ടിടം പൊളിക്കാൻ പോവുകയാണെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയത്. വീടുകളിൽനിന്ന് സാധനങ്ങൾ മാറ്റാനോ മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനോ സമയം നൽകാതെയാണ് വീടുകൾ പൊളിച്ചതെന്നും ഇവർ പറയുന്നു.

Tags:    

Similar News