ചൈനയിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ നാല് വകഭേദങ്ങൾ, ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ല: എൻ.കെ അറോറ
ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബി.എഫ്.7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്ര ഭയക്കേണ്ടതില്ലെന്നും ചൈനയിലെ കോവിഡ് കുതിപ്പിന് പിന്നിൽ ഒന്നല്ല നാലു വകഭേദങ്ങളാണെന്നും വ്യക്തമാക്കുകയാണ് കേന്ദ്രസർക്കാരിന്റെ കോവിഡ് പാനൽ മേധാവിയായ എൻ.കെ. അറോറ.
എൻ.ഡി. ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അറോറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ചൈനയിലെ നിലവിലെ വ്യാപനത്തിന് പിന്നിൽ ബി.എഫ്.7 മാത്രമല്ലെന്നും ബി.എൻ, ബി.ക്യു, എസ്.വി.വി വകഭേദങ്ങൾ ആണെന്നുമാണ് അറോറ പറയുന്നത്. ചൈനയിലെ കോവിഡ് കേസുകളിൽ പതിനഞ്ചു ശതമാനത്തോളം മാത്രമാണ് ബി.എഫ്.7 വകഭേദം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ. അമ്പതു ശതമാനത്തോളം ബി.എൻ, ബി.ക്യു സീരീസുകളിൽ നിന്നാണ്. പത്തുമുതൽ പതിനഞ്ചു ശതമാനത്തോളം എസ്.വി.വി വേരിയന്റിൽ നിന്നാണെന്നും അറോറ പറയുന്നു.
ഇന്ത്യ അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറോറ കാരണസഹിതം പറയുന്നുണ്ട്. വാക്സിനുകളിലൂടെയും ഒന്നും രണ്ടും മൂന്നും കോവിഡ് തരംഗങ്ങളിൽ നിന്നുള്ള തുടർച്ചയായ അണുബാധയിലൂടെയുമൊക്കെ ഇവിടെയുള്ളവർ പ്രതിരോധശേഷി നേടിയെടുത്തു കഴിഞ്ഞു. എന്നാൽ ചൈനയിലെ അവസ്ഥ അതല്ലെന്നും അദ്ദേഹം പറയുന്നു.
ചൈനയിലുള്ളവരെ നേരത്തെ വൈറസ് അത്ര ബാധിച്ചിട്ടില്ല. മാത്രമല്ല അവിടുത്തെ വാക്സിനും അത്ര ഫലപ്രദമായിരിക്കില്ല. ഇന്ത്യയിലാണെങ്കിൽ 97 ശതമാനത്തോളം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. മറ്റുള്ളവരാണെങ്കിൽ ഒന്നിലധികം തവണം വൈറസ് ബാധിച്ചവരും. കുട്ടികൾ പോലും ഇവിടെ സുരക്ഷിതരാണ്. കാരണം പന്ത്രണ്ടു വയസ്സിനു താഴെയുള്ള 96 ശമാനം കുട്ടികൾക്കും ഇവിടെ കോവിഡ് ബാധിച്ചുകഴിഞ്ഞു- അറോറ പറയുന്നു. നിലവിൽ ഇന്ത്യയിൽ സ്വീകരിക്കുന്നത് മുൻകരുതൽ നടപടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.