2000 രൂപ നോട്ടുകളിൽ 87 ശതമാനം ബാങ്കുകളിൽ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകൾ വഴി മാറ്റിയെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ഈ വർഷം മേയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് ദ്വൈമാസ ധനനയ അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
സെപ്റ്റംബര്‍ 29 വരെ 3.42 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെ ലഭിച്ചെന്ന് കഴിഞ്ഞ ശനിയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 14,000 കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് ഇനി തിരികെ വരാനുള്ളത്. സെപ്തംബര്‍ 30 വരെയായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീടിത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് 12000 കോടിയുടെ 2000 രൂപ നോട്ടുകള്‍ കൂടി തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ ഭവന വായ്‌പയിലും മറ്റ് ഇഎംഐകളിലും പലിശ നിരക്കിൽ മാറ്റം വരില്ല. ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ഒക്‌ടോബർ നാലിനാണ് ശക്തികാന്ത ദാസിന്റെ അദ്ധ്യക്ഷതയിൽ മൂന്ന് ദിവസത്തെ എംപിസി യോഗം ആരംഭിച്ചത്. യോഗത്തിന്റെ സമാപനത്തിലാണ് ഗവർണർ വാർത്താ സമ്മേളനം നടത്തി യോഗത്തിലെ തീരുമാനങ്ങൾ അറിയിച്ചത്.
ഓഗസ്റ്റ് പത്തിന് നടന്ന അവസാനത്തെ പണനയ യോഗത്തിലും ആർബിഐ റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ വർഷം തുടർച്ചയായി റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2022 മേയ് മുതലാണ് റിപ്പോ നിരക്കിലെ വർദ്ധനവ് ആരംഭിച്ചത്. മേയ് മാസത്തിന് മുമ്പ് റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് 6.5 ശതമാനമായി റിപ്പോ നിരക്ക് ഉയർന്നത്. അതിന് ശേഷം നടന്ന യോഗങ്ങളിൽ റിപ്പോ നിരക്കിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല.