2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം.
ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ (കോൺഗ്രസ്) സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടി ജീവൻ വെടിഞ്ഞവരാണ്. ബിജെപിക്കാരല്ല അങ്ങനെ ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടി തൂക്കിലേറ്റപ്പെട്ട ഒരു ബിജെപി നേതാവെങ്കിലുമുണ്ടോ. ആരെങ്കിലും അങ്ങനെ പോരാടിയവരുണ്ടോ, അങ്ങനെ ജയിലിൽ പോയവരുണ്ടോ. മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയത് അവരാണെന്നും ചോദിച്ച അദ്ദേഹം, എന്നിട്ടാണിപ്പോൾ ദേശഭക്തിയെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും പറഞ്ഞു
രാജ്യത്തിന്റെ ഐക്യത്തിനായി ഇന്ദിരാ ഗാന്ധി ജീവൻ വെടിഞ്ഞു. രാജീവ് ഗാന്ധിയുടെ കാര്യവും അങ്ങനെ തന്നെ. ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.