രാഹുൽ മാത്രമല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മോദിയും വിമർശിച്ചിട്ടുണ്ട്

Update: 2023-03-17 13:59 GMT

2017 ൽ യുഎസിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആണ് ഇന്ത്യയിലെ മുൻസർക്കാരുകളെയെല്ലാം മോദി നിശിതമായി വിമർശിച്ചത്. മുൻസർക്കാരുകളെയെല്ലാം ജനം വോട്ട് ചെയ്തു പുറത്താക്കിയത് വ്യാപക അഴിമതിയുടെ പേരിലായിരുന്നു എന്നായിരുന്നു വിദേശമണ്ണിൽ നിന്ന് മോദി പ്രസംഗിച്ചത്. എന്നാൽ മുൻ സർക്കാരുകൾ എന്നു പറയുന്നതിൽ ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയി നേതൃത്വം നൽകിയിരുന്ന സർക്കാരുകളും ഉണ്ടെന്നത് മോദി സൗകര്യപൂർവം മറന്നു. എന്നു തന്നെയല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മയമില്ലാതെ വിമർശിക്കുന്നതിൽ മോദി ഒരു അനൗചിത്യവും കണ്ടില്ല. എന്നാൽ തന്റെ സർക്കാരിനെതിരെ അതിനാരെങ്കിലും തുനിഞ്ഞാൽ രാജ്യസ്‌നേഹക്കാർഡിറക്കാനും മാപ്പ് പറയിക്കാനും അത്യുൽസാഹം കാണിക്കുന്നുമുണ്ട്. ഒപ്പം തന്റെ സർക്കാരിനെ സ്വയം പുകഴ്ത്താനും മോദിക്ക് ഒരു മടിയുമുണ്ടായില്ല. അതുവരെ ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും വിദേശമണ്ണിൽ സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മുഴുവൻ ചെറുതാക്കി കാണിച്ച ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

രണ്ടാമത്തെ സംഭവം 2022 മേയിലെ മോദിയുടെ ഡെൻമാർക്ക് സന്ദർശന വേളയിലായിരുന്നു. ഇത്തവണ വിദേശമണ്ണിൽ മോദിയുടെ രോഷപ്രകടനം സ്വന്തം രാജ്യത്തെ പ്രതിപക്ഷത്തിനു നേരെയായിരുന്നു. രാജ്യത്തിന്റെ ഡിജിറ്റൽ വൽക്കരണത്തെ പ്രതിപക്ഷം എതിർക്കുന്നുവെന്നായിരുന്നു മോദിയുടെ രോഷപ്രകടനം. പ്രതിപക്ഷം എതിർത്തിട്ടും ആളോഹരി ഡാറ്റാ ഉപയോഗത്തിൽ പിൻനിരരാജ്യമായിരുന്ന ഇന്ത്യയെ താൻ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ ഡിജിറ്റൽ രംഗത്തെ ആഗോള ശക്തിയാക്കി മാറ്റി എന്നായിരുന്നു മോദിയുടെ അവകാശവാദം. രാജ്യം ഡിജിറ്റലൈസേഷനിൽ നേടിയ എല്ലാ നേട്ടത്തിന്റെയും ക്രെഡിറ്റും ഡെൻമാർക്കിന്റെ മണ്ണിൽ വച്ച് സ്വന്തം പേരിലെഴുതി.

വിദേശമണ്ണിൽ ഇന്ത്യൻ വംശജരുടെ മുന്നിൽ വച്ച് സ്വന്തം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെയെല്ലാം മോദി താഴ്ത്തിക്കെട്ടിയതിന് ഇനിയും ഉദാഹരണങ്ങളുണ്ട്.


2015 ഏപ്രിലിലെ കാനഡ സന്ദർശ വേളയിലായിരുന്നു മോദിയുടെ പ്രതിപക്ഷ വിരോധം പുറത്തുവന്ന മറ്റൊരു സന്ദർഭം. കാനഡയിലെ ഇന്ത്യാക്കാരുടെ മുന്നിൽ അദ്ദേഹം ഇങ്ങനെ ഹിന്ദിയിൽ പ്രസംഗിച്ചു. ''ജിൻകോ ഗൻഡകി കർനീ ധീ, ഗൻധകി കർ കീ ചലേ ഗയേ. ഹം സഫായി കർകേ ജായേംഗേ''..മലയാളത്തിൽ ഇങ്ങനെ വിവർത്തനം ചെയ്യാം. കുഴപ്പമുണ്ടാക്കിയവരെല്ലാം കുഴപ്പമുണ്ടാക്കിയിട്ട് പോയി. അതെല്ലാം വൃത്തിയാക്കുന്നതാണ് നമ്മുടെ ജോലി. അതായത് മുൻസർക്കാരുകളെല്ലാം കുഴപ്പക്കാരായിരുന്നു എന്നാണ് അദ്ദേഹം മുള്ള് വച്ച് പറഞ്ഞത്. അതേ യോഗത്തിൽ തന്നെ സ്‌കിൽ ഇന്ത്യയാണ് തന്റെ ലക്ഷ്യമെന്നും അല്ലാതെ സ്‌കാം ഇന്ത്യയല്ല എന്നും മുൻസർക്കാരുകളെ കുത്താനും അദ്ദേഹം മറന്നില്ല.

ഇനി 2015 ൽ തന്നെ ചൈന സന്ദർശന വേളയിൽ മോദി ഷാങ്ഹായിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോട് ചെയ്ത പ്രസംഗത്തിലെ ചില പരാമർശങ്ങൾ നോക്കാം. അത് മുൻഗാമികളെ മുഴുവൻ അങ്ങേയറ്റം നിന്ദ്യമായി ചിത്രീകരിക്കുന്ന പരാമർശമായിരുന്നു. മോദി പറഞ്ഞത് ഇങ്ങനെയാണ്. നേരത്തെ ഇന്ത്യ നിങ്ങൾക്ക് ഒരു നാണക്കേടായിരുന്നു. എന്നാലിപ്പോൾ നിങ്ങൾ ഇന്ത്യയെ കുറിച്ച് അഭിമാനിക്കുന്നു. ഈയടുത്ത് വരെ ഇന്ത്യയെകുറിച്ച് നിങ്ങൾക്കെല്ലാം അശുഭ ചിന്തയായിരുന്നു. പക്ഷേ എന്റെ ഗവൺമെന്റ് അതിന്റെ ആദ്യവർഷത്തിൽ തന്നെ അതിൽ മാറ്റം വരുത്താൻ അങ്ങേയറ്റം കഷ്ടപ്പെട്ടിരിക്കുന്നു...ഇന്ത്യയുമായി ശത്രുതയിലുള്ള ഒരു രാജ്യത്തിന്റെ മണ്ണിൽ വച്ചാണ് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ ഒരു മടിയുമില്ലാതെ മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി താഴ്ത്തിക്കെട്ടിയത്.

ഇനി 2015 യുഎഇയിലെ മസ്ദർ സിറ്റിയിൽ വച്ച് യുഎഇയിലെ ബിസിനസ് പ്രമുഖരുമായി സംസാരിക്കുമ്പോഴും മുൻസർക്കാരുകളെ ഇടിച്ചുതാഴ്ത്തി സംസാരിക്കാൻ മോദി മടിച്ചില്ല. മുൻസർക്കാരുകളുടെ കഴിവില്ലായ്മയും അലസതയും കൊണ്ട് മുടങ്ങിയപോയ പദ്ധതികൾ പുനരാരംഭിക്കുക എന്നതാണ് തന്റെ മുൻഗണനയെന്ന് മറ്റൊരു രാജ്യത്തെ ബിസിനസ് പ്രമുഖരുടെ മുന്നിൽ വച്ച് തട്ടിവിടുമ്പോഴും മോദിക്ക് അനൗചിത്യമൊന്നും തോന്നിയില്ല. അവിടെയും തീരുന്നില്ല.


2018 ൽ ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ മോദി പറഞ്ഞതു കൂടി കേട്ടാലേ ചിത്രം പൂർണമാകു. മുൻ കോൺഗ്രസ് സർക്കാരുകളെല്ലാം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് അവിടെയും മോദി പരസ്യമായി പറഞ്ഞു. അഴിമതി രഹിത ഭരണത്തിലൂടെ ലോകത്ത് ഇന്ത്യയ്ക്ക് മികച്ച ബഹുമതി കൈവന്നുവെന്നും മോദി സ്വയം പ്രഖ്യാപിച്ചു. അതായത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലോകരാജ്യങ്ങളിലെല്ലാം പറന്നു നടന്ന് സ്വന്തം രാജ്യത്തെ ഭരണ ചക്രം തിരിച്ച മുൻഗാമികളെ മുഴുവൻ വിദ്വേഷപരാമർശങ്ങളിലൂടെ കരിവാരി തേച്ചത്. പക്ഷേ ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന തരത്തിലുള്ള പ്രൊപ്പഗാൻഡ മെഷീൻ കൈവശമുള്ള ബിജെപിക്ക് ഇവിടെ യാഥാർഥ്യം വിളിച്ചു പറഞ്ഞ രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് അപമാനിക്കാൻ വലുതായി ആയാസപ്പെടേണ്ടതായി വരില്ല എന്നതാണ് സമകാലിക ഇന്ത്യയുടെ സാഹചര്യം.

Tags:    

Similar News