തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര
യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്നതിനായി തമിഴ്നാട് ഗതാഗത വകുപ്പ് നിർദേശം നൽകി. അതേസമയം ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും. യൂണിഫോമിൽ വരുന്ന കുട്ടികൾക്കോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കൊവിഡിനെ തുടർന്ന് സൗജന്യ പാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചിരിക്കുന്നത്. കൂടാതെ ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതൽ തന്നെ സർക്കാർ ബസുകളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.