രാമനവമി ദിനത്തിലെ സംഘർഷത്തിന് പിന്നാലെ ബിഹാറിലെ സസാരാമിൽ നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചില്ലെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ. അതേസമയം ബിഹാറിലെ സംഘർഷത്തില്‍ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചത്.
രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം തന്നെ നിരോധനാജ്ഞ തുടരുകയാണ്. 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ നാളത്തെ പരിപാടി റദ്ദാക്കിയിരിക്കുന്നത്.