മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യാന്‍ ആഹ്വാനവുമായി മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി രംഗത്ത്. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചെന്നും എംഎം മണി പറഞ്ഞു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ രാജേന്ദ്രന്‍ നടത്തുന്ന നീക്കങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കി വളര്‍ത്തണം. രാജേന്ദ്രനെ ശരിയാക്കണം അവനെ വെറുതെ വിടരുതെന്നും എംഎം മണി തൊഴിലാളികളോട് പറഞ്ഞു.
.................................
ഇലന്തൂർ നരബലി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വിൽക്കാമെന്ന് കൂട്ടു പ്രതികളായ ഭഗവൽ സിംഗിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തി. ഇത്തരത്തിൽ മനുഷ്യ മാംസം വിറ്റാൽ, 20 ലക്ഷം രൂപ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും ഷാഫി മൊഴി നൽകി. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഭഗവൽ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചു. ഈ പണം കൊണ്ട് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമെന്ന് ഇരുവരോടും പറഞ്ഞു. ഇരുവരെയും വിശ്വസിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞതെന്നും ഷാഫി മൊഴി നൽകി.
.................................
ഇലന്തൂരിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളിലും ചില ആന്തരിക അവയവങ്ങൾ ഇല്ലെന്നു വെളിപ്പെടുത്തി പൊലീസ്. കൊലപാതകങ്ങൾക്കു പിന്നിൽ അവയവ മാഫിയയാണോയെന്നു പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണു പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. അതേസമയം, ആന്തരിക അവയവങ്ങൾ മുറിച്ചു മാറ്റിയെന്നു പ്രതികൾ സമ്മതിക്കുന്നുണ്ട്. പക്ഷേ പിന്നീട് കുഴിയിൽ തന്നെ നിക്ഷേപിച്ചു എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. നരബലിയുടെ ഭാഗമായാണ് അവയവങ്ങൾ മുറിച്ച് മാറ്റിയത് എന്നും പറയുന്നു.
.................................
മധ്യപ്രദേശില്‍ എംബിബിഎസ് പാഠപുസ്തകം ഹിന്ദിയില്‍ പുറത്തിറങ്ങി .ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പാഠപുസ്തകം പുറത്തിറക്കിയത്. ഉന്നത വിദ്യഭ്യാസത്തിന് ഹിന്ദി മാധ്യമമാക്കാനുളള മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് എംബിബിഎസിന്‍റെ മൂന്ന് പുസ്തകങ്ങള്‍ ഹിന്ദിയിലാക്കിയത്. തീരുമാനം ചരിത്രപരമെന്ന് വിശേഷിപ്പിച്ച അമിത് ഷാ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാതൃഭാഷ പഠിക്കാന്‍ പ്രധാനമന്ത്രി മികച്ച അവസരമൊരുക്കുകയാണന്ന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും , കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഹിന്ദി മുഖ്യമാധ്യമമാക്കണമെന്ന് പാര്‍ലമെന്‍ററി സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
.................................
അരിവില കുതിച്ചുയരുന്നത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാന്‍ നീക്കവുമായി കേരളം.ആന്ധ്ര സിവില്‍ സപ്ലൈസില്‍ നിന്ന് അരി വാങ്ങുന്നതിനായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. വില പിടിച്ചു നിര്‍ത്താനും ഗുണമേന്മയുള്ള അരി ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വില പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
.................................
തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും മലബാറിലെ ഒരു നാടൻ കഥയാണ് പറഞ്ഞതെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അതിൽ ദുരുദ്ദേശ്യമില്ല. തന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും കഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലേയും മലബാറിലേയും രാഷ്ട്രീയക്കാര്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന ചോദ്യത്തിന് സുധാകരന്‍ പറഞ്ഞ മറുപടിയാണ് വിവാദമായത്.
അതേസമയം തെക്കൻ കേരളത്തെ അവഹേളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ മന്ത്രി വിഎൻ വാസവൻ രംഗത്തു വന്നിരുന്നു. വടക്കും തെക്കും തമ്മിലുള്ള താരതമ്യം സുധാകരൻ നടത്തിയിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്നാണ് വാസവൻ തുറന്നടിച്ചത്. കേരളത്തിലെ ഒരു സ്ഥലം മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
.................................
റോഡിലെ നിയമ ലംഘനങ്ങള്‍ പിടികുടാന്‍ യുഎഇയിലെ റാസല്‍ഖൈമയില്‍ പുതിയ റഡാര്‍ സ്ഥാപിച്ചു. അല്‍ മസാഫി റോഡിലാണ് പുതിയ റഡാര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓക്ടോബര്‍ 17 മുതല്‍ ഇതില്‍ നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി തുടങ്ങുമെന്ന് റാസല്‍ഖൈമ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ട്രക്കുകള്‍ റോഡ് ഉപയോഗിക്കുന്നതിലെ നിയമലംഘനങ്ങളും രേഖകളുടെ കാലാവധി കഴിഞ്ഞ വാഹനങ്ങളും പുതിയ റഡാറില്‍ പിടികൂടും. ട്വിറ്ററിലൂടെയാണ് പുതിയ റഡാര്‍ സ്ഥാപിച്ച വിവരം റാസല്‍ഖൈമ പൊലീസ് പൊതുജനങ്ങളെ അറിയിച്ചത്. പെര്‍മിറ്റ് ഇല്ലാതെ ഈ റോഡ് ഉപയോഗിക്കുന്ന ട്രക്കുകളെയും അനുവദിക്കപ്പെട്ട സമയത്തല്ലാതെ ഇതിലൂടെ കടന്നുപോകുന്ന ട്രക്കുകളെയും പിടികൂടും. ഒപ്പം രേഖകളുടെ കാലാവധി അവസാനിച്ച ശേഷം അവ പുതുക്കാതെ സഞ്ചരിക്കുന്ന വാഹനങ്ങളും ഇവിടെ രേഖപ്പെടുത്തുമെന്ന് റാസല്‍ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
.................................
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ഹിന്ദി ഭാഷയെ ജനങ്ങൾക്കിടയിലേക്ക് അടിച്ചേൽപ്പിക്കുകയെന്നത് അപ്രായോഗികവും വിഭജന ഉദ്ദേശവുമുള്ള ശ്രമമാണ്. ഇതിൽ നിന്നും പിൻമാറണം. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷകളാക്കണമെന്നും സ്റ്റാലിൻ കത്തിൽ ആവശ്യപ്പെട്ടു.
.................................
തരൂരിന്‍റെ പരാതി ഫലം കണ്ടു. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമിതി തിരുത്തി. ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം നല്‍കിയിരുന്നത്. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം തിരുത്തിയത്.
.................................
സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. അച്ചടക്ക നടപടി കാര്യത്തിൽ കൂടുതൽ പറയാനില്ല. നടപടിക്ക് വിധേനായ വ്യക്തിക്ക് കാരണം ബോധ്യപ്പെട്ടിട്ടുണ്ട്. നടപടി എടുക്കാനുണ്ടായ കാരണത്തിൽ പാർട്ടിക്കും വ്യക്തതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 2020 ഫെബ്രുവരി മുതൽ 35 വക്താക്കളുടെ പാനൽ ഉണ്ടാക്കി. എല്ലാവർക്കും ചാനലുകളിൽ ചർച്ചയ്ക്ക് അവസരം നൽകി. ഇതിന് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.