നടന്‍ ദിലീപിനെ സഹായിച്ചെന്ന കേസില്‍ പി സി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് സംഘം മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ പുതിയ മൊഴിയിലെ വിവരങ്ങൾ പരിശോധിക്കുമെന്നും വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിൽ മുൻ നിലപാടിൽ തന്നെ ഷോൺ ഉറച്ചുനിന്നു. തനിക്ക് ലഭിച്ച സന്ദേശം ദിലീപിൻ്റെ സഹോദരന് അയച്ച് കൊടുക്കുക മാത്രമാണ് ചെയ്തത്. ആര് അയച്ചു എന്ന കാര്യം ഓർക്കുന്നില്ലെന്നുമാണ് ഷോൺ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്.
.................................
ഗവർണർക്കെതിരായ എസ്.എഫ്.ഐയുടെ അസഭ്യ ബാനറിൽ ഖേദം പ്രകടിപ്പിച്ച് സംസ്കൃത കോളേജ്. ഭാവിയിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നാണ് കേരള സർവകലാശാലയ്ക്ക് പ്രിൻസിപ്പൽ ഉറപ്പു നൽകിയിരിക്കുന്നത്. കൂടാതെ ബാനർ നീക്കിയതായി ചൂണ്ടിക്കാണിച്ച് കോളേജ് പ്രിൻസിപ്പൽ സര്‍വകലാശാലാ രജിസ്ട്രാർക്ക് കത്ത് നൽകി.
.................................
മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിച്ചു. നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള മണ്ഡലകാലത്തിനാണ് ഇതോടെ തുടക്കമായിരികുന്നത്.
.................................
മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്.
.................................
സംസ്ഥാനത്തെ സബ് രജിസ്ട്രാറർ ഓഫീസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന തുടരുന്നു. സബ് രജിസ്ട്രാറർ ഓഫീസുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടത്തിയെന്ന് വിജിലൻസ് അറിയിച്ചു. ഓപ്പറേഷൻ പഞ്ചി കിരണ്‍ എന്ന പേരിലാണ് പരിശോധന. തെരഞ്ഞെടുത്ത 76 ഓഫീസുകളിലാണ് വിജിലൻസ് പരിശോധന നടത്തുന്നത്. രജിസ്ട്രേഷൻ നടപടികള്‍ക്ക് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
.................................
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണവും ഏറ്റെടുക്കണമന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ നിര്‍ദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു.
.................................
ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേസമയം കോവിഡ് ഭീഷണി മുന്‍നിര്‍ത്തി വിമാനത്തില്‍ അറിയിപ്പുകള്‍ നല്‍കുന്നത് തുടരാമെങ്കിലും അതിന് പിഴയോ മറ്റു ശിക്ഷകളോ ഉള്ളതായി അറിയിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
.................................
കുവൈത്തിൽ പ്രവാസികൾക്കുള്ള വായ്പാ ബാങ്കുകൾ പുനരാരംഭിക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ലോൺ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ബാങ്കുകൾ ഉദാരമാക്കി. ശമ്പളത്തിന്റെ 20 മടങ്ങ് വരെ ലോൺ അനുവദിക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.
.................................
കുട്ടികളുമായി ബന്ധപ്പെട്ട മാധ്യമ ഉള്ളടക്കങ്ങൾ തയാറാക്കുന്നതിന് അബൂദബി ഏർലി ചൈൽഡ് ഹുഡ് അതോറിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ നിർമാതാക്കളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ഒമ്പത് വയസിന് താഴെയുള്ള കുട്ടികളിൽ മാധ്യമ വാർത്തകളും, മറ്റ് ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. ചുറ്റും നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച തിരിച്ചറിവില്ലായ്മയും, പക്വതയില്ലത്ത വിവേചനബുദ്ധിയും കുട്ടികളെ ബാധിക്കുന്നുണ്ട്. പീഡനം ഉൾപ്പെടെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളിൽ കുട്ടികളുടെ ശരിയായ പേര് ഉപയോഗിക്കരുത്. അവരെ തിരിച്ചറിയാൻ കഴിയുന്ന വിധമുള്ള ദൃശ്യങ്ങളും ഉപയോഗിക്കരുത്. കുട്ടികളുമായുള്ള അഭിമുഖത്തിന് രക്ഷിതാക്കളുടെ അനുമതി തേടണം. തുടങ്ങിയ കാര്യങ്ങളാണ് അതോറിറ്റിയുടെ മാർഗനിർദേശത്തിൽ പറയുന്നത്.
.................................