അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദ്ദനം മൂലമെന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിന്‍റെ മരണത്തിന് മറ്റ് കാരണങ്ങളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മധുവിന്‍റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത്. മധുവിനെ മുക്കാലിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മധുവിന് നേരെ ആൾക്കൂട്ടം മനുഷ്യത്വരഹിതമായ ആക്രമണമാണ് നടത്തിയതെന്നാണ് 4 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
............................
നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ നടപടി വേണമെന്ന് എൽഡിഎഫ്. കരാര്‍ നിയമനങ്ങൾ പൂര്‍ണ്ണമായും എംപ്ലോയ്മെന്‍റ് എക്സേചേഞ്ച് വഴി നടക്കുന്നു എന്ന് ഉറപ്പ് വരുത്തിയിരിക്കണം. സ്ഥിരം നിയമനങ്ങൾ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിൽ അടക്കം നിലനിൽക്കുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും ഇടതുമുന്നണി യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെടുകയുണ്ടായി. യുവാക്കളെ വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകാൻ നടപടി വേണമെന്നുള്ള ആവശ്യവും ഉയര്‍ന്നിരുന്നു.
............................
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതി ആർഎസ്എസ് പ്രവർത്തകനെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. വെളിപ്പെടുത്തൽ കോർപ്പറേഷൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. മരിച്ചുപോയ ഒരാളെയാണ് പ്രതിയായി പറയുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇങ്ങനെയെങ്കിൽ ആര്യ രാജേന്ദ്രന്റെ കത്തയച്ചതും മരിച്ച ഒരാൾ എന്ന് പറഞ്ഞാൽ പോരെയെന്നും ആശ്രമം കത്തിച്ചെന്നതിലെ വെളിപ്പെടുത്തൽ കള്ളക്കേസാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
............................
കണ്ണൂരിൽ ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ താൻ ആളെ അയച്ചുവെന്ന കെ സുധാകരന്‍റെ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുധാകരൻ്റെ ഉള്ളിൽ കാവിയും പുറത്ത് ഖദറുമാണെന്ന് എം വി ജയരാജൻ വിമര്‍ശിച്ചു. മതനിരപേക്ഷ ജനാധിപത്യത്തിന് സുധാകരൻ അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ബിജെപിയിലേക്ക് പോകുമെന്നാണ് സുധാകരൻ ആവർത്തിക്കുന്നത്. കോൺഗ്രസിന് ഭാവിയില്ലെന്ന് കരുതിയാവും സുധാകരൻ ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശൽ ആണോ എന്ന് സംശയിക്കുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.
............................
സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മന്ത്രി ആർ ബിന്ദു. ഗവർണർ തന്റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിലെ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും. ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു വ്യക്തമാക്കി.
............................
കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എൻഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയിൽ താമസിക്കുന്ന കോയമ്പത്തൂർ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിൻ്റെ ബന്ധുവാണ് മുസ്തഫ. ഇയാൾക്ക് ഏതെങ്കിലും രീതിയിൽ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
............................
ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല
............................
വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ഭാര്യ റിവാബയെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ഇത്തരമൊരു അവസരം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജഡേജ നന്ദി അറിയിക്കുകയും ചെയ്തു. റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബിജെപിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.
............................
അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽക്കുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ സ്ഥിരീകരിച്ചു. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു ഷാംപൂവിൽ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് യുണിലിവർ പിഎൽസി ഡോവ്, എയറോസോൾ ഡ്രൈ ഷാംപൂ ഉൾപ്പെടെ ഏതാനും ഉൽപന്നങ്ങൾ യുഎസ് വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. യുഎഇ വിപണിയിലും രാജ്യാന്തര അംഗീകാരമുള്ള ഓൺലൈൻ നിരീക്ഷണ പ്ലാറ്റ്ഫോമുകളിലും നിരീക്ഷണം ശക്തമാക്കിയതായി ക്യുസിസിയിലെ ബിസിനസ് ഡവലപ്‌മെന്റ് ആൻഡ് കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ പറഞ്ഞു. മറ്റേതെങ്കിലും രാജ്യത്തുനിന്ന് ഈ ഉൽപന്നങ്ങൾ വാങ്ങി യുഎഇയിലെത്തിയവർ അവ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
............................
സൗദിയിൽ ബിനാമി ബിസിനസിൽ ഏർപ്പെട്ടവർ സ്വയം വിവരങ്ങൾ വെളിപ്പെടുത്തി അധികൃതരെ സമീപിക്കുന്ന പക്ഷം ശിക്ഷ ഒഴിവാക്കി നൽകുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ബിനാമി ബിസിനസുകളിൽ ഏർപ്പെട്ടവർ ബന്ധപ്പെട്ട വകുപ്പുകൾ സ്ഥാപനം കണ്ടെത്തുന്നതിന് മുമ്പ് വെളിപ്പെടുത്തൽ നടത്തണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. സൗദിയിൽ ബിനാമി വിരുദ്ധ നടപടികൾ ശക്തമായി തുടരുന്നതിനിടെയാണ് പബ്ലിക് പ്രൊസിക്യൂഷന്റെ പ്രഖ്യാപനം.
............................
ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു തോൽവി. രണ്ടാം സെമി ഫൈനലിൽ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തുകയും ചെയ്തു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്‌ലർ, അലക്സ് ഹെയ്ല്‍സ് എന്നിവർ അർധ സെഞ്ചറി നേടി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ, വിരാട് കോലി എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ഇന്ത്യയ്ക്കു കരുത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 ഉം സൂര്യകുമാർ യാദവ് 10 പന്തിൽ 14 ഉം റൺസെടുത്തു പുറത്തായി.
............................