വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-10-09 11:51 GMT


എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം. അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്‌റ്റേഷന്‍ കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. രഹസ്യ ബാലറ്റ് വഴിയാകും ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവ‍ര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുളളത്.

....................

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന ഇരു സ്ഥാനാർത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. 9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം.

....................

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് കുമാറിന് വിഭ്രാന്തിയാണെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍, അദ്ദേഹം രാഷ്ട്രീയമായി ഒറ്റപ്പെട്ടുവെന്നും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്നും പറഞ്ഞു. പ്രായം കൂടുന്നത് നിതീഷ് കുമാറിന്റെ സംസാരത്തിലും പ്രവര്‍ത്തിയിലും പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. പ്രശാന്ത് കിഷോറിനെപ്പോലുള്ളര്‍ ഒരിടത്തും നില്‍ക്കില്ലെന്നും കുറച്ചു നാളുകളായി പ്രശാന്ത് ബി.ജെ.പിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്നുമുള്ള നിതീഷ് കുമാറിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

....................

സിപിഐക്കെതിരെ പരോക്ഷ വിമർശനവുമായി ജോസ് കെ മാണി. എൽഡിഎഫ് തുടർഭരണത്തിലെത്തിയെങ്കില്‍ അതിന് കേരളാ കോൺഗ്രസ് എമ്മിന്റെ സംഭാവന നിർണ്ണായകമാണ്. എന്നാൽ ഇത് ഉൾക്കൊള്ളാനാകാത്തവർ ഇപ്പോഴുമുണ്ട്. ചിലപ്പോഴൊക്കെ അത് തികട്ടിവരാറുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലായിരുന്നു വിമർശനം.

....................

അന്ധേരി ഈസ്റ്റിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പു കമ്മിഷനു മുന്‍പാകെ സമര്‍പ്പിച്ച് ശിവസേനയിലെ ഉദ്ധവ് താക്കറേ പക്ഷം. തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ശിവസേന ബാലസാഹേബ് താക്കറേ എന്ന പേരിനാണ് ഉദ്ധവ്പക്ഷം പ്രഥമപരിഗണന നല്‍കുന്നത്. ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറേ എന്ന പേരിനാണ് രണ്ടാം പരിഗണന. പേരിനു പുറമേ രണ്ടു ചിഹ്നങ്ങളും അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ ത്രിശൂല ചിഹ്നത്തിനാണ് ഉദ്ധവ് താക്കറേപക്ഷം പ്രഥമപരിഗണന നല്‍കിയിട്ടുള്ളത്. രണ്ടാമത്തെ പരിഗണന ഉദയസൂര്യന്റെ ചിഹ്നത്തിനുമാണ്.

....................

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്താ സംപ്രേക്ഷണം ഹാക്ക് ചെയ്തു ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. ചാനൽ ഹാക്ക് ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖത്ത് ക്രോസ് ചിഹ്നം വരക്കുകയും തീപിടിക്കുന്ന ചിത്രങ്ങളും ചേർത്തു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ചാനൽ ഹാക്ക് ചെയ്തത്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ഉയർന്നത്. ഖമേനി ഉദ്യോഗസ്ഥരെ കാണുന്നതിന്റെ ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് തടസ്സപ്പെടുത്തി.

....................

തിരുവനനന്തപുരത്ത് നഗരസഭ റോഡ് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോടാണ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗര സഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിതാണോയെന്നാണ് പരിശോധിക്കുന്നത്. എംജി റോഡിലാണ് നഗരസഭ 5000 രൂപ പ്രതിമാസ വാടകയ്ക്ക് സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്പേസ് അനുവദിച്ചത്. ഇത് വിവാദമായതോടെയാണ് നടപടി.

....................

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാലുകള്‍ വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. നൂറുവയസ്സ് പ്രായമുള്ള യമുനാദേവിയെയാണ് മോഷ്ടാക്കള്‍ ക്രൂരമായി ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

....................

ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന നിയമത്തിൽ ഇളവ്. ഒപ്പം താമസിക്കുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സമയ പരിധിയും ഒഴിവാക്കി. ദുബൈയിലെ താമസക്കാർ ഒപ്പം കഴിയുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ ഇളവുകൾ നിലവിൽ വന്നത്. കെട്ടിടം വാടകക്കെടുത്തവരോ, സ്വന്തമായുള്ളവരോ ഒപ്പം കഴിയുന്നവരുടെ എണ്ണം മാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

Tags:    

Similar News