വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-10-09 11:22 GMT

മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്നും സുധാകരൻ പറഞ്ഞു. കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്, സാധാരണക്കാരന്റെ പണമാണിതെന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

....................

ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ. തോമസ് ചാഴികാടൻ, ഡോ. എൻ.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ സംവിധാനത്തിൽ സെമി കേഡർ ലക്ഷ്യത്തിലേക്ക് മാറുന്ന രീതിയിലാണ് ഭാരവാഹിത്വത്തിൽ അഴിച്ചു പണി നടത്തിയത്.

....................

മുംബൈ പിസിസി ഓഫീസിലെത്തിയ ശശി തരൂരിന് തണുത്ത സ്വീകരണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് തരൂർ പിസിസി ഓഫീസിലെത്തിയത്. പ്രമുഖ നേതാക്കളാരും പിസിസിയിലെത്തിയില്ല എന്നു മാത്രമല്ല മുൻ രാജ്യസഭാ എംപി ബാലചന്ദ്ര മുൻഗേക്കർ ആണ് പ്രചാരണ പരിപാടിക്കെത്തിയ ഏക നേതാവ്. വേദിയിൽ ഇരിക്കുന്നതിന് പകരം താഴെ സദസിലാണ് തരൂർ ഇരുന്നത്. അതേസമയം ഭയക്കാതെ വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് തരൂർ അഭ്യര്‍ത്ഥിച്ചു. രഹസ്യബാലറ്റായതിനാൽ ആർക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താനാകില്ലെന്നും തരൂര്‍ പറഞ്ഞു.

....................

കൊച്ചി തീരക്കടലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ എന്‍.ഐ.എ.യും വിവരങ്ങള്‍ ശേഖരിക്കുന്നു. ലഹരിമരുന്ന് കടത്തില്‍ പാകിസ്താന്‍ മാഫിയയായ ഹാജി സലിം ഗ്രൂപ്പിന്റെ പങ്കാളിത്തം വ്യക്തമായതോടെയാണ് എന്‍.ഐ.എ. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. പ്രതികളെ എന്‍.ഐ.എ. സംഘം ചോദ്യംചെയ്തതായും സൂചനയുണ്ട്. രാജ്യാന്തര ബന്ധമുള്ള സംഭവമായതിനാല്‍ കേസ് എന്‍.ഐ.എ. ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. പാകിസ്താനില്‍നിന്ന് ശ്രീലങ്കയിലേക്ക് കടത്തുകയായിരുന്ന 200 കിലോ ഹെറോയിനാണ് കൊച്ചി തീരക്കടലില്‍വെച്ച് എന്‍.സി.ബി. പിടികൂടിയത്.

....................

ഡിഎംകെ ആധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്ന് ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്. എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുന്‍ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ എത്തിയ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

....................

രാജസ്ഥാനില്‍ ദളിത് യുവതിയെ തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അജ്‌മേര്‍ സ്വദേശിയായ 25-കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. പുരോഹിതന്‍ അടക്കമുള്ളവരാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബവുമായി അടുപ്പമുള്ള പുരോഹിതനായ സഞ്ജയ് ശര്‍മയെ മുഖ്യപ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ ആദ്യം ബലാത്സംഗം ചെയ്തതും പിന്നീട് മറ്റുള്ളവര്‍ക്ക് കൈമാറിയതും ഇയാളാണെന്ന് പോലീസ് വ്യക്തമാക്കുന്നത്.

....................

ദില്ലിയിൽ ഇനി റെസ്റ്റോറൻ്റുകൾ, ബിപിഒ, ഓൺലൈൻ ഡെലിവറി, ഗതാഗത സേവനങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂർ പ്രവർത്തിക്കാം. ഇതിനായുള്ള 314 അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചു ഏഴ് ദിവസത്തിനകം വിജ്ഞാപനം ഇറക്കും. ദില്ലി ലഫ്.ഗവർണറാണ് അനുമതി നൽകിയത്. 24 മണിക്കൂർ പ്രവർത്തിക്കാൻ താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ഓൺലൈൻ അപേക്ഷ നൽകാം.

....................

കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസാണ് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.

Tags:    

Similar News