അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും.
ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ ശുദ്ധി വരുത്തൽ ചടങ്ങടക്കം ഇന്നലെ രാവിലെ മുതൽ തന്നെ ആരംഭിച്ചിരുന്നു. സരയൂനദി ജലം ഉപയോഗിച്ചുകൊണ്ടാണ് ശുദ്ധികലശം. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
അതേസമയം അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും ബിജെപിയും ഹിന്ദു സംഘടനകളും വിവിധ പരിപാടികൾ നടത്തും. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും ചടങ്ങുകൾ. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുക്കും.
രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പോലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പോലീസ് അറിയിച്ചിരുന്നു.