സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. നാളെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന.
നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.'സേഫ് ആൻഡ് സ്ട്രോങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. നേരത്തെ പ്രവീൺ റാണയെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഇയാളുടെ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയെങ്കിലും റാണ വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.
ഇയാൾ നേപ്പാൾ അതിര്‍ത്തി വഴി രാജ്യം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കുകയും ഇയാളുടെ സുഹൃത്തുകളെയെല്ലാം ചോദ്യം ചെയ്യുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. റാണയുടെ എല്ലാ ഓഫിസുകളിലും പൊലീസ് തിങ്കളാഴ്ചയും പരിശോധന നടത്തിയിരുന്നു. തൃശൂർ, കുന്നംകുളം, പാലക്കാട് മണ്ണാർക്കാട്, കണ്ണൂർ ഓഫിസുകളിൽനിന്ന് നിർണായകരേഖകൾ ശേഖരിച്ചിട്ടുണ്ട്.