ജോഷിമഠ് നഗരത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ തെഹ്‌രി ഗര്‍വാലിലും ഭൂമി ഇടിയുന്നതായി പരാതി. പരിഭ്രാന്തരായ നാട്ടുകാര്‍ പ്രദേശത്ത് അടിയന്തിരമായ സര്‍ക്കാര്‍ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടത്തിലെ വിള്ളലുകളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നേരിടുന്നത്.
ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. ഇവിടെ നിലവില്‍ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്. ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.