ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-28 14:06 GMT

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയാണെന്ന് കണക്കുകള്‍. മുന്‍പാദത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം ആണ് കടം ഉയര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത് 92,371 കോടി രൂപയാണ്.

...........................................

രൂപയില്‍ വ്യാപാര ഇടപാടുകള്‍ ആരംഭിച്ച് ഇന്ത്യ. ചില റഷ്യന്‍ സ്ഥാപനങ്ങളാണ് രൂപയില്‍ വ്യപാരം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂലൈയിലാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയത്. രൂപയിലുള്ള ഇടപാടിലൂടെ പണം കൈമാറുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാവും. ഇത് കയറ്റുമതിയുടെ തോത് ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍. മ്യാന്‍മാര്‍. ബംഗ്ലാദേശ്, നേപ്പാള്‍ അടക്കം 35 രാജ്യങ്ങള്‍ രൂപയില്‍ ഇടപാട് നടത്താന്‍ താല്‍പ്പര്യം അറിയിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡോളര്‍ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങളാണ് പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ താല്‍പ്പര്യപ്പെടുന്നത്.

...........................................

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് തകര്‍ച്ചയില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 17 പോയിന്‍റ് താഴ്ന്ന് 60,910 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ സൂചിക നിഫ്റ്റി 10 പോയിന്‍റ് താഴ്ന്ന് 18,122ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെയും ഇന്ത്യന്‍ വിപണികള്‍ നേട്ടത്തിലായിരുന്നു.

...........................................

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40 000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 40,120 രൂപയാണ്.

...........................................

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. കൊച്ചിയില്‍ റിയാബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബിസിനസ് അലയന്‍സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.രാജീവ്.

...........................................

ഇന്ത്യയില്‍ റെസിഡെന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉണര്‍വ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവാണ് വീട് വില്‍പ്പനയില്‍ ഉണ്ടായത്. 2022ല്‍ പുതിയ പ്രോജക്ടുകളുടെ എണ്ണം ഉയര്‍ന്നത് 101 ശതമാനത്തോളം ആണ്. ബ്രോക്കറേജ് സ്ഥാപനമായ PropTiger പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 4,31,510 പുതിയ വീടുകളാണ് ഈ വര്‍ഷം വില്‍പ്പനയ്ക്ക് ലിസ്റ്റ് ചെയ്തത്.

...........................................

ടാറ്റ സൺസിന്റെ ചെയർമാനും ഇന്ത്യയിലെ വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ 85-ാം ജന്മദിനമാണ് ഇന്ന്. വ്യവസായ പ്രമുഖന്‍ എന്നതിലുപരി, മോട്ടിവേഷണൽ സ്പീക്കറും മനുഷ്യസ്‌നേഹിയുമാണ് രത്തന്‍ ടാറ്റ. മനുഷ്യത്വം എന്നതിൽ മൂല്യം കൽപ്പിക്കുന്ന അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം സമൂഹത്തിന്റെ ക്ഷേമത്തിനായി സമർപ്പിച്ചു.

...........................................

Tags:    

Similar News