വാർത്തകൾ ഒറ്റനോട്ടത്തിൽ

Update: 2022-12-26 13:54 GMT

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.

..............................................

ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി നേതാക്കളുടേയും ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നേതാക്കൾക്കെതിരായ റിസോർട്ട്, കള്ളപ്പണം വെളുപ്പിക്കൽ, കൊട്ടേഷൻ വിവാദങ്ങളിലൂടെ സി.പി.എമ്മിലെ ജീർണത മറനീക്കി പുറത്തു വരികയാണെന്നും സതീശൻ പറഞ്ഞു.

..............................................

കണ്ണൂരിലെ റിസോർട്ടിന്റെ മറവിൽ ഇ.പി.ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉൾപാർട്ടി പ്രശ്നമായി കാണാനാവില്ലെന്ന് കെ.മുരളീധരൻ എംപി. ഇതേവരെ ഈ ആരോപണങ്ങൾ ഇ.പി നിഷേധിച്ചിട്ടില്ല. ഗുരുതരമായ വിഷയം പാ‍ർട്ടിയല്ല പരിശോധിക്കേണ്ടത്. ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും കെ.മുരളീധരൻ പറഞ്ഞു.

..............................................

എറണാകുളം ബസിലിക്ക പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ ആലഞ്ചേരി, അച്ചടക്കത്തിന്റെ എല്ലാ അതിർവരമ്പും ലംഘിച്ചെന്നും വിമർശിച്ചു. കുർബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും കുർബാനയെ അവഹേളിച്ചവർക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

..............................................

മഹാരാഷ്ട്ര-കർണാടക അതിർത്തി തർക്കം നിലനിൽക്കുന്ന മേഖലകളെ കേന്ദ്രഭരണ പ്രദേശമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറാത്തി ഭാഷ സംസാരിക്കുന്നവർ കൂടുതലായുള്ള ബെലഗാവി മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം. ഇത് കേവലം ഭാഷയുടെയും അതിർത്തിയുടേയും പ്രശ്‌നമല്ലെന്നും മാനവികതയുടെ പ്രശ്‌നമാണെന്നും ഉദ്ധവ് പറഞ്ഞു.

..............................................

ഭാരത് ജോഡോ യാത്രയ്ക്കിടെ മുൻ പ്രധാനമന്ത്രിയും അന്തരിച്ച ബി ജെ പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്ഥലം രാഹുൽ ഗാന്ധി സന്ദർശിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലെത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ വാജ്പേയി സ്മാരകത്തിലെത്തിയത്.

..............................................

രാഹുൽ ഗാന്ധിയുടെ വാജ്പേയി സമാധി സന്ദർശനത്തിന് പിന്നാലെ ബി ജെ പി പ്രതികരണവുമായി രംഗത്ത്. ക്യാമറക്ക് മുൻപിലെ രാഹുൽ ഗാന്ധിയുടെ നാടകമാണ് വാജ്പേയി സമാധി സ്ഥലത്തെ സന്ദർശനമെന്നാണ് ബി ജെ പിയുടെ പ്രതികരണം. വാജ്പേയി സ്മാരകത്തിലെത്തിയ രാഹുൽ എന്തുകൊണ്ടാണ് നരസിംഹറാവുവിൻറെ സമാധി സ്ഥലം സന്ദർശിക്കാത്തതെന്നും ബി ജെ പി ചോദ്യം ഉന്നയിച്ചു.

..............................................

തൃശ്ശൂർ എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശി സി ഐ വിൻസന്റ്, ഭാര്യ മേരി, വിൻസന്റിന്റെ സഹോദരൻ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവ‍ർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പ്രൈവറ്റ് ബസിൽ ഇടിക്കുകയായിരുന്നു.

..............................................

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

..............................................

Tags:    

Similar News