ഇന്ത്യയില്‍ നവംബറിലെ നാണ്യപ്പെരുപ്പനിരക്ക് 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 10 മാസമായി റിസർവ് ബാങ്കിന്റെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിൽ തുടരുകയായിരുന്നു. നാണ്യപ്പെരുപ്പ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതിനാലാണ് റിസർവ് ബാങ്ക് തുടർച്ചയായി 5 തവണ പലിശനിരക്ക് വർധിപ്പിച്ചത്. വരും മാസങ്ങളിലും കുറഞ്ഞ നിരക്കിൽ തുടർന്നാൽ പലിശവർധനയിൽ കാര്യമായ കുറവോ ഇടവേളയോ പ്രതീക്ഷിക്കാം.
..............
ചരക്കു സേവന നികുതിയിൽ (ജി.എസ്.ടി) കൂടിശ്ശിക പിരിച്ചെടുക്കുന്നതിൽ കേരളത്തിൽ ഗുരുതര വീഴ്ച. അഞ്ചു വർഷം മുമ്പ് തുടക്കമിട്ട ജി.എസ്.ടിയിൽ ഇതിനായി കാര്യക്ഷമമായ സംവിധാനങ്ങൾ ഇതുവരെ ഒരുക്കാൻ കേരളത്തിലായിട്ടില്ലെന്നാണ് വിമര്‍ശനം. ഏതാണ്ട് 16,000 കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ടെന്നാണ് വിവരം.
.............
ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് വന്‍ കുതിപ്പ്. ബിഎസ്ഇ സെന്‍സെക്സ് 402 പോയിന്‍റ് ഉയര്‍ന്ന് 62,533ല്‍ വ്യാപാരം ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 110 പോയിന്‍റ് ഉയര്‍ന്ന് 18,608ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
.........
എയർ ഇന്ത്യ 500 വിമാനങ്ങൾ കൂടി സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എയർബസിൽ നിന്നും ബോയിങ്ങിൽ നിന്നും 1000 കോടി ഡോളര്‍ വിലമതിക്കുന്ന വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതിയെന്നാണ് വിവരം. വാർത്തയോട് എയർബസും ബോയിംഗും , ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല.
...............
അഞ്ച് മാസത്തിനുള്ളിൽ 40 ലക്ഷം ഉംറ വിസ അനുവദിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ സീസൺ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള കണക്കാണിത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കായാണ് ഇത്രയും വിസകൾ അനുവദിച്ചത്.
.............
ക്രിപ്റ്റോ കറന്‍സി രംഗത്തെ പ്രമുഖന്‍ സാം ബാങ്ക്മാൻ-ഫ്രൈഡ് അറസ്റ്റിൽ. ക്രിമിനൽ കുറ്റം ചുമത്തി ബഹാമാസിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ നിയമങ്ങൾക്കെതിരായ വിവിധ സാമ്പത്തിക കുറ്റകൃത്യ കേസുകളിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം, സാം സഹസ്ഥാപകനായ എഫ്‌ടിഎക്‌സ് തകര്‍ന്നതോടെ അദ്ദേഹം പാപ്പര്‍ ഹര്‍ജി നല്‍കിയിരുന്നു.
...............
അബുദാബിയിലെ മുസഫ ബസാർ വീണ്ടും സജീവമാകുന്നു. കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലാഭ്യമാക്കുന്ന മുസഫ വ്യവസായ മേഖലയിലെ വാരാന്ത്യ ചന്തയാണ് തുറക്കുന്നത്.. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം. കോവിഡ് കാലത്ത് നിർത്തിവച്ച ബസാറിൽ ഇനി മുതൽ ശനി, ഞായർ ദിവസങ്ങളിൽ സാധനങ്ങൾ വാങ്ങാം.
.............
പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 16ൽ നാളെ തുറന്നു പ്രവർത്തനം ആരംഭിക്കും. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകളും പ്രമോഷനുകളും സമ്മാന പദ്ധതികളുമാണ് സഫാരി നൽകുന്നത്.