സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍ക്ക് നേരെ വധശ്രമം

Update: 2022-11-23 13:23 GMT

സോളാര്‍ കേസ് പരാതിക്കാരി സരിത എസ് നായര്‍ക്ക് നേരെ വധശ്രമം നടന്നതിന്റെ തെളിവുകള്‍ പുറത്ത്. രാസ പദാര്‍ത്ഥം നല്‍കിയാണ് സരിതയെ വധിക്കാന്‍ ശ്രമിച്ചത്. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് സരിതയ്ക്ക് ഭക്ഷണത്തില്‍ രാസ പദാര്‍ത്ഥം കലര്‍ത്തി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. സരിതയുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. സ്ലോ പോയ്‌സണിങ്ങ് എന്ന രീതി ഉപയോഗിച്ച് കുറേശ്ശെയായി രാസവിഷം നല്‍കിയതിന്റെ തെളിവുകള്‍ ശാസ്ത്രീയ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. സരിതയുടെ രക്തപരിശോധനയില്‍ അമിത അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തി. ആന്തരിക അവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്ന ആഴ്‌സനിക്ക്, മെര്‍ക്കുറി, ലെഡ് എന്നീ മാരക രാസവസ്തുക്കളാണ് സരിതയുടെ രക്തത്തില്‍ കണ്ടെത്തിയത്.


വധശ്രമത്തിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സരിത രം​ഗത്തു വന്നു. 2018 ഒക്ടോബര്‍ മുതല്‍ തനിക്ക് സ്ലോ പോയ്‌സന്‍ നല്‍കി വധിക്കാനുള്ള ശ്രമങ്ങളുണ്ടെന്ന് സോളാര്‍ കേസിലെ പരാതിക്കാരി റേഡിയോ കേരളത്തോട് പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാനായി താന്‍ ഒരു മാസത്തോളം തിരുവനന്തപുരത്തുണ്ടായിരുന്നു. ഈ കാലഘട്ടത്തിലാണ് ലക്ഷണങ്ങള്‍ ആദ്യമായി അനുഭവപ്പെട്ട് തുടങ്ങിയത്. കൂടെയുള്ളവരെ സംശയിച്ചിരുന്നില്ലെന്നും സരിത പറഞ്ഞു.

Tags:    

Similar News