വാർത്തകൾ ഒറ്റനോട്ടത്തിൽ

News in Brief

Update: 2022-11-23 12:18 GMT

വേങ്ങരയിൽ അധ്യാപികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസ് (44 ) ആണ് അറസ്റ്റിലായത്. വേങ്ങര ഗേൾസ് സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി രാംദാസിനെന്ന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

...............................

പിഞ്ചുകുഞ്ഞിനെ കൊത്തി പരുക്കേൽപ്പിച്ച പൂവൻ കോഴിയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 324 വകുപ്പ് പ്രകാരം കേസെടുത്തതായി ഏലൂർ പോലീസ് അറിയിച്ചു. എറണാകുളം മഞ്ഞുമ്മലിൽ മുട്ടാർ കടവു റോഡിലാണ് സംഭവം.

...............................

രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു മർദനം. മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു. ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു. പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി. സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്.

...............................

സുപ്രിം കോടതിയിൽ സംസ്ഥാനത്തിന്‍റെ സ്റ്റാൻഡിംഗ് കൗൺസൽമാർക്ക് പുനർ നിയമനം നൽകി സംസ്ഥാന സർക്കാർ. സ്റ്റാന്‍റിംഗ് കൗൺസൽമാരായ സി.കെ. ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെയാണ് മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമനം നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സർക്കാർ എടുത്തത്.

...............................

കോൺഗ്രസിന്‍റെ ഈ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. പ്രൈമറി സ്കൂൾ കുട്ടികൾ പോലും ഇങ്ങനെ പെരുമാറില്ലെന്നും കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ, വിഭാഗീയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും ഓർമ്മിപ്പിച്ചു. കൂടാതെ ശശി തരൂർ വിഷയത്തിൽ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ല. കേരളത്തിലെ നേതാക്കൾ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

...............................

മംഗളുരു സ്ഫോടന കേസ് പ്രതികള്‍ക്ക് കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. സ്ഫോടനത്തിനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് കേരളത്തിലും തമിഴ്നാട്ടിലുമെത്തിയാണ്. കൊച്ചിയിലും മധുരയിലുമായാണ് ആസൂത്രണം നടന്നതെന്നാണ് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കിയത്. മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടത്. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.സമാധാന അന്തരീക്ഷം തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞത്. എന്‍ഐഎയും വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

...............................

സാങ്കേതിക സർവകലാശാലയ്ക്ക് താൽക്കാലിക വിസിയെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തുടര്‍ വാദത്തിനായി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിലാണ് ഇന്ന് ആദ്യം വാദം നടന്നത്. ഹർജി നിലനിൽക്കില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മറ്റെതെങ്കിലും സർവകലാശാല വൈസ് ചാൻസലർമാർക്ക് അധിക ചുമതല നൽകുകയോ പ്രോ വൈസ് ചാൻസലർക്ക് താൽക്കാലിക ചുമതല നൽകുകയോ ആണ് ചട്ടപ്രകാരം വേണ്ടതെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

...............................

യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. രക്ഷിതാവിന്റെ പരിചരണത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കി നടപടി എടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. നിയമലംഘകർക്ക് തടവോ 5,000 ദിർഹം പിഴയോ ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്.

...............................

ലോകത്തിലെ ഏറ്റവും നീളമേളറിയ സൈക്കിൾ പാതയെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ദുബായ് നഗരം. അൽഖുദ്‌റ സൈക്കിൾ പാതയാണ് 80.6 കിലോമീറ്റർ തുടർച്ചയുള്ള പാതയൊരുക്കി നേരത്തേയുള്ള റെക്കോർഡ് തിരുത്തിയത്. ഏറ്റവും നീളത്തിൽ തുടർച്ചയുള്ള സൈക്കിൾ പാതക്കുള്ള ഗിന്നസ് റെക്കോർഡ് ദുബൈ അൽഖുദ്‌റ സൈക്കിൾ ട്രാക്ക് 2020 ൽ സ്വന്തമാക്കിയിരുന്നു. 33 കിലോമീറ്ററായിരുന്നപ്പോൾ നേടിയ റെക്കോഡാണ് നീളം 80.6 കിലോമീറ്റർ വർധിപ്പിച്ച് തിരുത്തിയത്.

...............................

Tags:    

Similar News